മലയാളത്തെ ശ്രേഷ്ഠഭാഷയാക്കുന്നതിനുവേണ്ടി
ദല്‍ഹിയില്‍ പോയി വാദിച്ച പ്രമുഖരില്‍ ചിലര്‍തന്നെ ഇതിനകം പലവിധ ആശങ്കകള്‍
പങ്കുവെച്ചുകഴിഞ്ഞു. ഇനി കിട്ടാന്‍ പോകുന്ന നൂറുകോടിയെ പറ്റിയാണ്
ഒ.എന്‍.വിക്ക് ആശങ്കയെങ്കില്‍ മലയാളത്തിനു കിട്ടിയ ക്ളാസിക്കല്‍ പദവിതന്നെ
അസംബന്ധമാണെന്നാണ് എം.ജി.എസ്. നാരായണന്‍െറ വാദം. 2010ല്‍ കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ശ്രേഷ്ഠഭാഷാ സെമിനാറിലും ഇതേ
നിലപാടുതന്നെയായിരുന്നു അദേഹം അവതരിപ്പിച്ചത്. പ്രാചീന കേരള ചരിത്രത്തില്‍
ഡോക്ടറേറ്റ് നേടിയ ചരിത്രപണ്ഡിതന്‍ എന്നനിലയില്‍ എം.ജി.എസിന്‍െറ
കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയുണ്ട്.
ശ്രേഷ്ഠഭാഷാ പദവി ആത്യന്തികമായി അക്കാദമിക് വിഷയമാണ്. അതിനാല്‍, ഈ പദവിയെപ്പറ്റി ചര്‍ച്ചകളും സംവാദങ്ങളും ഒറ്റയടിക്കു അവസാനിക്കാന്‍ പോകുന്നില്ല. ഭാഷാഭിമാനികളായ മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രേഷ്ഠഭാഷാ പദവി ആഹ്ളാദകരമായിരിക്കെതന്നെ, അതിനുവേണ്ടി ദല്‍ഹിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ ഉന്നയിച്ച വാദങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ താല്‍പര്യമുണ്ടാവുക സ്വാഭാവികമാണ്. കേന്ദ്രസാഹിത്യ അക്കാദമി മൂന്നുതവണ തിരിച്ചയച്ച പ്രബന്ധമാണിത്. അതിലുന്നയിച്ച വാദങ്ങള്‍ അബദ്ധജടിലവും ചരിത്രവിരുദ്ധവുമാണെന്ന് ദല്‍ഹി സംഘത്തിലുണ്ടായിരുന്ന എം.ജി.എസ്തന്നെ ദീര്‍ഘമായി ഉപന്യസിച്ചിരിക്കെ എന്തൊക്കെയോ ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ടുണ്ട്. നൂറുകോടിയാണ് ഇപ്പോഴത്തെ വില്ലന്‍ എന്നുതോന്നുന്നു.
കോടികളൊന്നുമില്ലാതെ മഹത്തായ ശ്രേഷ്ഠഭാഷാ പദവി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നതെങ്കില്‍ ദല്‍ഹിയിലേക്ക് ഒരേ സംഘംതന്നെ നാലുതവണ പോവാനും ഒരേ വാദമുന്നയിച്ചും രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ചും ഈ പദവിക്കുവേണ്ടി വാദിക്കാനും സന്നദ്ധരാവുമായിരുന്നോ? സംശയകരമാണ്. മലയാളഭാഷയെ ഒന്നാം ഭാഷയാക്കാന്‍ ഇച്ഛാശക്തിയില്ലാത്ത, ഭരണ-കോടതി ഭാഷകളെ ഇപ്പോഴും മലയാളമാക്കാന്‍ മടിക്കുന്ന മാറിമാറിവന്ന ഇടതു, വലതു സര്‍ക്കാറുകള്‍ക്കെങ്ങനെ ശ്രേഷ്ഠഭാഷയില്‍ അഭിമാനം കൊള്ളാന്‍ കഴിയും?
1500ലേറെ വര്‍ഷം പഴക്കമുള്ള ഭാഷയാണ് മലയാളമെന്ന് ദല്‍ഹിയില്‍ പോയി വാദിച്ച എം.ജി.എസ്, 2010 മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’യില്‍ ഈ ലേഖകന്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘മലയാളഭാഷ എന്നു പറയാവുന്ന ഭാഷാരൂപം ഉണ്ടാവുന്നത് 15,16 നൂറ്റാണ്ടുകളിലാണ്. 500-600 കൊല്ലത്തെ പ്രായം മാത്രമാണ് നമ്മുടെ മലയാള ഭാഷക്കുള്ളത്. ഇതു ചരിത്രവസ്തുതയാണ്. ചരിത്രത്തില്‍ പ്രമാണങ്ങളില്‍ തെളിയുന്ന വസ്തുതകള്‍ക്കാണ് സ്ഥാനം. വെറും വാദങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. എഴുത്തച്ഛന്‍െറ ഇതിഹാസ-പുരാണ തര്‍ജ്ജമകളാണ് ഭാഷക്ക് പുതുരൂപം കൊടുത്തത്.’ മലയാളത്തിന് 1500 വര്‍ഷത്തെ പഴക്കമുണ്ടെന്നു ദല്‍ഹിയില്‍ പോയി വാദിച്ച എം.ജി.എസിനു മൂന്നുവര്‍ഷത്തിനിടയില്‍ എന്തൊക്കെ തെളിവുകളാണാവോ ലഭിച്ചത്.
ശ്രേഷ്ഠഭാഷക്കുവേണ്ടി മലയാള പണ്ഡിതന്മാര്‍ ‘ഗവേഷണം നടത്തി, ബുദ്ധിമുട്ടി കണ്ടെത്തിയ’ ഒന്നാമത്തെ വാദം, ഒരു മൂലദ്രാവിഡ ഭാഷയില്‍നിന്ന് രൂപപ്പെട്ടതിനാല്‍ തമിഴ്, കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ദ്രാവിഡ ഭാഷകള്‍ക്ക് ഒരേ പ്രായമാണെന്നും ഇതില്‍ ഏതെങ്കിലും ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കുകയാണെങ്കില്‍ മലയാളവും അതിന് അര്‍ഹമാണെന്നുമാണ്. പ്രാചീന തമിഴ് ക്ളാസിക്കല്‍ ഗ്രന്ഥങ്ങളില്‍ പലതും ഇന്നത്തെ സാമാന്യ തമിഴ് വായനക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാനാവാത്ത ഭാഷയിലാണെന്നും അതിനാല്‍, മൂലദ്രാവിഡ ഭാഷയില്‍നിന്ന് പിരിഞ്ഞുവരുന്ന ഘട്ടത്തിലെ ഗ്രന്ഥങ്ങള്‍ മലയാളത്തിനുകൂടി അവകാശപ്പെട്ടതാണെന്നുമാണ് മറ്റൊരുവാദം. ഈ വാദത്തില്‍ ചില ശരികളുണ്ട്. എന്നാല്‍, പ്രാചീന തമിഴില്‍നിന്ന് ഭിന്നമായി മൃതിയടഞ്ഞ ഒരു മൂലദ്രാവിഡ ഭാഷയുണ്ടെങ്കില്‍ തീര്‍ച്ചയായും ക്ളാസിക്കല്‍ പദവി നല്‍കേണ്ടത് ആ മൃതഭാഷക്കാണ്. ആ ഭാഷ ഇപ്പോള്‍ നിലവിലില്ലല്ലോ എന്നത് ക്ളാസിക്കല്‍ പദവിക്കു തടസ്സമല്ല. ഇസ്രായേലിയര്‍ മൃതഭാഷയായി മാറിയിരുന്ന ഹീബ്രുവിനെ സംസാര, വ്യവഹാര ഭാഷയാക്കി തിരിച്ചുകൊണ്ടുവന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്.
കേരളത്തിലെ ഏറ്റവും പ്രാചീന ലിഖിതമായി വിശേഷിപ്പിക്കപ്പെടുന്ന വയനാട്ടിലെ എടക്കല്‍ ഗുഹാ ലിഖിതങ്ങളെ പ്രാചീന മലയാളവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും ദല്‍ഹി പ്രബന്ധത്തില്‍ ഉള്ളതായാണ് പത്രവാര്‍ത്ത. 1896ല്‍ മദിരാശിയിലെ എപ്പിഗ്രാഫി വകുപ്പിന്‍െറ തലവനായിരുന്ന ഡോ. ഹുള്‍ട്ഷ് (Dr.Hultzch) എടക്കല്‍ ലിഖിതം, വായിച്ചെടുത്തത് ഇങ്ങനെ: ‘പല്‍പുലിതാനന്ദകരി. മറ്റൊരു വായന, ‘പലപുലിതാനന്തകരി’. ഹുള്‍ട്ഷിന്‍െറ അഭിപ്രായത്തില്‍ ഈ ലിഖിതം പ്രാചീന തമിഴു ലിപിയിലാണ്. ഈ ലിപിയുടെ ഉത്തരഭാഗം ‘വേട്കോപണാകചം നന്നുചത്തി’ എന്നു വായിക്കാമെന്നു കേസരി എ. ബാലകൃഷ്ണപിള്ള എഴുതിയിട്ടുണ്ട്. എടക്കല്‍ ഗുഹയിലെ മറ്റൊരു ലിഖിതം ഹുള്‍ട്ഷ് വായിച്ചത് ഇങ്ങനെ: ശ്രീവിഷ്ണുവര്‍മനാഹ: കുടുബിയ കുലവര്‍ദ്ധനസ്യ ലിഖിത’. ഇത് സംസ്കൃതത്തിലുള്ളതാണെന്നത് തര്‍ക്കമറ്റതാണ്. എടക്കല്‍ ലിപി നിരകളുടെ കാലം ബി.സി മൂന്നാം നൂറ്റാണ്ടാണെന്നാണ് പ്രഫ. ബ്യൂളരുടെ അഭിപ്രായം. എന്തുതന്നെയായാലും മലയാളഭാഷയുമായി ഈ ലിഖിതങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ഇന്നേവരെ ആരും വാദിച്ചിട്ടില്ല.
ശ്രേഷ്ഠഭാഷാ പദവിയേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നതും തര്‍ക്കിക്കുന്നതും നൂറുകോടിയുടെ കാര്യമാണ്. ഈ തുക എന്തിനുവേണ്ടി ചെലവഴിക്കണം എന്നതിനു പല കോണുകളില്‍നിന്നും നിര്‍ദേശങ്ങളും ആവശ്യക്കാരും ഉണ്ടായിക്കഴിഞ്ഞു. ഫ്യൂഡല്‍ ഗൃഹാതുരതയെ താലോലിക്കുന്ന പൈതൃകപഠന, മ്യൂസിയമടക്കം നിര്‍ദേശങ്ങളിലുണ്ട്. എം.ജി.എസിന്‍െറ സങ്കല്‍പത്തിലുള്ള അത്തമൊരു കേന്ദ്രത്തില്‍ ‘സ്വദേശി വസ്ത്രധാരണ രീതികള്‍ക്കും ആടയാഭരണങ്ങള്‍ക്കും ഓലക്കുടക്കും ഓട്ടുവളകള്‍ക്കും ചെറുമക്കളുടെ കല്ലുമാലകള്‍ക്കും-അത്ര ദൂരെയല്ലാത്ത ഒരു ഭൂതകാലത്ത് നാം ഇതെല്ലാം അപരിഷ്കൃതമെന്നുവെച്ച് തള്ളികളഞ്ഞതാണ്-അവിടെ പുനര്‍ജീവിതം സിദ്ധിക്കണം...’
കേരളീയ നവോത്ഥാനം വലിച്ചെറിഞ്ഞ ചെറുമക്കളുടെ കല്ലുമാലയും മറ്റും ‘പുനരുജ്ജീവി’പ്പിച്ചുകൊണ്ട് പിന്നോട്ട് നടക്കാനും തത്തുല്യമായ മറ്റു ജാതിയ, ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയെ താലോലിക്കാനും നൂറുകോടിയില്‍നിന്നു തുക മാറ്റിവെക്കുകയാണെങ്കില്‍ മലയാളഭാഷയെ സംബന്ധിച്ചിടത്തോളം അത് പാഴ്ച്ചെലവായി മാറും.
തീര്‍ച്ചയായും, മലയാളഭാഷയുടെയും കേരളത്തില്‍ നിലനില്‍ക്കുന്ന ഭാഷാഭേദങ്ങളുടെയും സംരക്ഷണത്തിനും വികാസത്തിനും വേണ്ടി മാത്രമേ നൂറുകോടി ചെലവഴിക്കുകയുള്ളൂവെന്ന് സര്‍ക്കാറും ഔദ്യാഗിക സ്ഥാപനങ്ങളും തീരുമാനിച്ചാല്‍ മാത്രമേ നൂറുകോടികൊണ്ട് നമ്മുടെ ഭാഷക്ക് വല്ല ഗുണവുമുണ്ടാകുകയുള്ളൂ. ഇപ്പോള്‍ പല വൈജ്ഞാനിക ശാഖകളിലുമുള്ള സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തില്‍ തത്തുല്യ പദങ്ങളില്ല. അതിനാല്‍, എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കപ്പെടണം എന്നു വാദിക്കുമ്പോള്‍തന്നെ സാങ്കേതികപദകോശം എന്നത് കീറാമുട്ടിയാവുകയാണ്. അതുകൊണ്ട് വിവിധ വിഷയങ്ങളിലുള്ള പദകോശങ്ങള്‍ (ഗ്ളോസറി) നിര്‍മിക്കാന്‍ തുക കണ്ടെത്തേണ്ടതുണ്ട്.
കേരളത്തിലെ ലിപിയില്ലാത്തതും എന്നാല്‍, പദസമ്പന്നവും വാമൊഴി സാഹിത്യ സമ്പന്നവുമായ ആദിവാസി ഭാഷകളെ സംരക്ഷിക്കാന്‍ തുക നീക്കിവെക്കേണ്ടതുണ്ട്. ആദിവാസി ഭാഷകളില്‍ പലതിനും മലയാളത്തോട് അടുത്ത ബന്ധമുണ്ട്. സമീപകാലത്ത് അവയില്‍ ചിലതിനു നിഘണ്ടുക്കള്‍ ഉണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. തീര്‍ച്ചയായും അവ സംരക്ഷിക്കേണ്ടത് മലയാളികളുടെ കടമയാണ്.
മലയാളത്തെ ക്രിയാത്മകമായി ഉള്‍ക്കൊള്ളുന്നതിനുവേണ്ടി കേരളത്തിലുണ്ടായ ലിപി വ്യവസ്ഥയാണ് അറബി-മലയാളം. ലിപി അറബിയാണെങ്കിലും ഉച്ചരിക്കുന്നത് മലയാളമാണ്. ഒരുകാലത്ത് ഈ ഭാഷാരീതി കേരളത്തില്‍ സജീവമായിരുന്നു. ആയിരത്തിലേറെ ഗദ്യഗ്രന്ഥങ്ങളും ആറായിരത്തിലേറെ പലവിധ പദ്യങ്ങളും ഈ ലിപി വ്യവസ്ഥയിലുണ്ട്. അറബി-മലയാളം നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്‍െറയും ചരിത്രത്തിന്‍െറയും ഭാഗമാണ്. അതിനാല്‍, അവ സംരക്ഷിക്കാനും അവയിലുള്ള ഗ്രന്ഥങ്ങള്‍ മലയാളലിപിയിലേക്ക് മാറ്റാനും ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സാഹിത്യം, വൈദ്യം, ചരിത്രം, ആധ്യാത്മികം, തത്ത്വശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലായി ചിതറിക്കിടക്കുന്ന അറബി-മലയാള സാഹിത്യസമ്പത്ത് ലിപ്യന്തരണത്തിലൂടെ സമ്പൂര്‍ണമായി മലയാളീകരിച്ചാല്‍ ഭാഷയുടെ പ്രാചീന സമ്പത്തിനു മുതല്‍ കൂട്ടാവും. ഒപ്പം, മലയാള യൂനിവേഴ്സിറ്റിയുടെ പാഠ്യപദ്ധതിയില്‍ അറബി-മലയാളം സവിശേഷ പഠനവിഷയമാകേണ്ടതുണ്ട്.
തമിഴ്ലിപി, ഗ്രന്ഥലിപി, സുറിയാനി ലിപി, തുളു ലിപി, ഹളെകന്നട ലിപി, കന്നട ലിപി, അറബി ലിപി, ഡച്ച് ലിപി, പോര്‍ചുഗീസ് ലിപി, ഹീബ്രുലിപി, ലത്തീന്‍ ലിപി എന്നിങ്ങനെയുള്ള നിരവധി ലിപികള്‍ ഉപയോഗിച്ചുള്ള, ലിഖിതങ്ങളുള്ള നാടാണ് കേരളം. ഇവയില്‍ ചില ലിപികളില്‍ ഗ്രന്ഥസമ്പത്തുമുണ്ട്. കേരളത്തിലെ ഒന്നാമത്തെ ചരിത്രഗ്രന്ഥമായ ശൈഖ് സൈനുദീന്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അറബിയിലാണ് രചിക്കപ്പെട്ടത്. ഇത്തരത്തില്‍ കേരളവുമായും നമ്മുടെ പ്രാചീനകാലവുമായും ബന്ധമുള്ള മുഴുവന്‍ ആവിഷ്കാരങ്ങളും മലയാളഭാഷയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
മലയാള സാഹിത്യകൃതികള്‍ ഇംഗ്ളീഷ് അക്കമുള്ള ലോകഭാഷകളിലേക്കും, വിദേശ, ഇന്ത്യന്‍ ഭാഷകളിലുള്ള അമൂല്യഗ്രന്ഥങ്ങള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള സ്ഥാപനം ആരംഭിക്കാവുന്നതാണ്. വിവര്‍ത്തന പരിശീലനം ഒരു കോഴ്സായി പോലും അവിടെ ആരംഭിക്കാന്‍ പറ്റും. ഇത്തരത്തില്‍ ക്രിയാത്മകമായ ചുവടുവെപ്പുകളിലൂടെ മുന്നേറിയാലേ ഭാഷയുടെ വികാസം സാധ്യമാവൂ.
(ലേഖകന്‍, ഫാറൂഖ് കോളജ് മലയാള വിഭാഗത്തില്‍ അസി. പ്രഫസറാണ്)madhyamam daily-20-6-2013

No comments:
Post a Comment