18 July, 2013

ആദിവാസികള്‍ വംശനാശത്തിലേക്ക്



ആദിവാസികള്‍  വംശനാശത്തിലേക്ക്
കേരളത്തിലെ ആദിവാസികള്‍ ഇനി എത്രനാള്‍ നമുക്കിടയിലുണ്ടാവും എന്ന ചോദ്യം നാള്‍ക്കുനാള്‍ പ്രസക്തമാവുകയാണ്. പട്ടിണിയും മാറാരോഗങ്ങളും ആസൂത്രിതമായ വന്ധ്യംകരണവുമടക്കമുള്ള നിരവധി നീറുന്ന പ്രശ്നങ്ങളാല്‍ കേരളത്തിലെ പ്രബല ആദിവാസി വിഭാഗങ്ങള്‍ അതിവേഗം ‘വംശനാശ’ത്തിന് വിധേയമാവുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുന$സൃഷ്ടിക്കാനാവാത്തവിധം ചില ജീവിവര്‍ഗങ്ങള്‍ വംശനാശമടയുന്നതുപോലെ ചില ആദിവാസി വിഭാഗങ്ങള്‍ ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം മറ്റു ചില വിഭാഗങ്ങള്‍കൂടി ഇല്ലാതാകാന്‍ പോവുകയാണ്.
ആദിവാസി വിഭാഗങ്ങളോട് മുഖ്യധാരാ സമൂഹം പുലര്‍ത്തുന്ന സമീപനങ്ങളില്‍ മാറ്റമുണ്ടാവാതിരിക്കുകയും അമിത മദ്യാസക്തിയടക്കമുള്ള ജീവിതരീതികളില്‍നിന്ന് ആദിവാസികളിലെ ചില വിഭാഗങ്ങളെങ്കിലും വിട്ടുനില്‍ക്കുകയും ചെയ്യുന്നില്ലെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ചില വിഭാഗങ്ങള്‍ ഓര്‍മകള്‍ മാത്രമാവും.
മുഖ്യധാരാ സമൂഹങ്ങളിലെ ജനസംഖ്യ ഓരോ ജനസംഖ്യാ കണക്കെടുപ്പിലും ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ആദിവാസികളിലെ അംഗസംഖ്യ ആനുപാതികമായി വര്‍ധിക്കുന്നില്ലെന്നു മാത്രമല്ല, കുറയുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവിലെ കണക്കുകള്‍പ്രകാരം കൊണ്ടകപൂസ്, കൊച്ചുവേലന്‍, കമ്മാറ, അരണ്ടന്‍, മഹാമലസര്‍, മലക്കുറവന്‍, മലസര്‍, പള്ളിയാര്‍ എന്നീ വിഭാഗങ്ങള്‍ വംശനാശത്തിന്‍െറ വക്കിലാണ്. കൊണ്ടകപൂസ് ആദിവാസി വിഭാഗത്തില്‍ ഇനി ബാക്കിയുള്ളത് അഞ്ചു പേരാണ്; ഒരു പുരുഷനും നാല് സ്ത്രീകളും. പത്തനംതിട്ട ജില്ലയില്‍ മാത്രമുള്ള കൊച്ചുവേലന്‍ സമുദായത്തില്‍ 36 പേരാണ് ഇനി അവശേഷിക്കുന്നത്. 18 ആണും 18 പെണ്ണും. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന വനമ്പ്രദേശങ്ങളില്‍ വസിക്കുന്ന കൊട വിഭാഗത്തിലും 36 പേര്‍ തന്നെയാണ് ബാക്കിയുള്ളത്. പാലക്കാട് ജില്ലയിലെ മഹാമലസര്‍ വിഭാഗത്തിലും 36 പേരായി ജനസംഖ്യ ചുരുങ്ങിയിരിക്കുന്നു.
ആയിരത്തില്‍ ചുവടെ ജനസംഖ്യയുള്ള വിഭാഗങ്ങള്‍: കാസര്‍കോട് ജില്ലയിലെ കുടിയ-മേലക്കുടി വിഭാഗത്തിന്‍െറ ജനസംഖ്യ 751 ആണ്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലക്കുറവരുടെ സംഖ്യ 547ഉം. ഇടുക്കി ജില്ലയിലെ പളിയ വിഭാഗത്തില്‍ ഇനി 236 പേരാണുള്ളത്. പള്ളിയാര്‍ സമുദായത്തില്‍ 155 പേരും. കൊറഗ, കുറുമ്പാസ്, മലസര്‍, പള്ളിയന്‍ തുടങ്ങിയ വിഭാഗങ്ങളുടെ അംഗസംഖ്യ 2000ത്തില്‍ ചുവടെയാണ്. ഇരവല്ലന്‍, ഹില്‍പുലയ, കാടര്‍, മലപ്പണ്ടാരം തുടങ്ങിയ വിഭാഗങ്ങളുടെ ജനസംഖ്യ 4000ത്തില്‍ ചുവടെയാണ്.
തെറ്റായ വികസനപ്രവര്‍ത്തനങ്ങളുടെയും ഉള്‍ക്കാഴ്ചയില്ലാത്ത പദ്ധതികളുടെയും ഇരകളാണിന്ന് ആദിവാസികള്‍. അട്ടപ്പാടി ഇതിന് മികച്ച തെളിവാണ്. ജപ്പാന്‍ ഗവണ്‍മെന്‍റിന്‍െറ സഹായത്തോടെ 219 കോടി രൂപയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി കോടികളും ചെലവാക്കിയ അട്ടപ്പാടിയില്‍നിന്ന് പട്ടിണിമരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘അഹാര്‍ഡ്സി’ന്‍െറ പദ്ധതി കാലയളവില്‍ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യപോലും ക്രമാതീതമായി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1940കളില്‍ അട്ടപ്പാടി പൂര്‍ണമായും ആദിവാസി അധിവാസ പ്രദേശമായിരുന്നു. മദ്രാസ് റവന്യൂ ബോര്‍ഡ് 1947ല്‍ നടത്തിയ സര്‍വേയില്‍ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 10,000ഉം അല്ലാത്തവരുടെ സംഖ്യ 200ല്‍ ചുവടെയുമായിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍പ്രകാരം ആദിവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 39 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
ആദിവാസി അധിവാസ മേഖലയായ വയനാടിന്‍െറ അവസ്ഥയും ഭിന്നമല്ല. ആദിവാസി അധിവാസ മേഖലകള്‍ ഇതര വിഭാഗങ്ങള്‍ കൈയടക്കിയതിന്‍െറ ഞെട്ടിക്കുന്ന കണക്കുകളാണ് വയനാട്ടിലെ ആദിവാസികള്‍ക്ക് പറയാനുള്ളത്. വയനാട് ജില്ലയിലെ 26 പഞ്ചായത്തുകളില്‍ കോട്ടത്തറ, നൂല്‍പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ആദിവാസി ജനസംഖ്യ ശരിയായ അനുപാതത്തില്‍ നിലനില്‍ക്കുന്നത്. ഒരുകാലത്ത് ആദിവാസി ജില്ലയായിരുന്ന വയനാട്ടില്‍ ഇപ്പോള്‍ അവര്‍ ന്യൂനപക്ഷവും കുടിയേറ്റക്കാര്‍ ഭൂരിപക്ഷവുമാണ്. ആദിവാസി അധിവാസ പ്രദേശങ്ങളുടെയെല്ലാം വര്‍ത്തമാന അവസ്ഥ ഇതുതന്നെയാണ്.
ആദിവാസി ആവാസസ്ഥലങ്ങളിലേക്ക് കുടിയേറ്റവും കൈയേറ്റവുമുണ്ടാകുമ്പോള്‍ അവര്‍ മറ്റൊരിടത്തേക്ക് പലായനം ചെയ്തിരിക്കാം എന്ന നിഗമനങ്ങള്‍ അസ്ഥാനത്താണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരിടത്ത് ജനസംഖ്യയില്‍ കുറവ് സംഭവിക്കുമ്പോള്‍ മറ്റൊരിടത്ത് വര്‍ധിക്കേണ്ടതാണ്. അങ്ങനെ സംഭവിച്ചതിനും തെളിവുകളില്ല.
ആദിവാസി വിഭാഗങ്ങളുടെ അപ്രത്യക്ഷമാവല്‍ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. സ്വാതന്ത്ര്യാനന്തരം നടത്തിയ സെന്‍സസുകളിലെ ആദിവാസികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ 10 വര്‍ഷത്തിനുശേഷവും ചില വിഭാഗങ്ങള്‍ പട്ടികയില്‍നിന്ന് മാഞ്ഞുപോയതായി കാണാം. 1961ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഉണ്ടായിരുന്ന മലയകണ്ടി, വിഷവര്‍ എന്നീ സമുദായങ്ങളില്‍ പെട്ടവരെ 1971ലെ കണക്കെടുപ്പില്‍ ഒരാളെയും കണ്ടെത്താനായില്ല. ജനസംഖ്യാ കണക്കെടുപ്പ് എന്നൊരു സംവിധാനമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സമൂഹം കുറ്റിയറ്റുപോയതുപോലും നാമറിയുമായിരുന്നില്ല. കൊണ്ടകപൂസ്, കൊച്ചുവേലന്‍, കമ്മാറ തുടങ്ങിയ വിഭാഗങ്ങളുടെ അവസ്ഥയും ഇതുതന്നെയാകുമായിരുന്നു.
ആവാസവ്യവസ്ഥയില്‍നിന്നുള്ള പുറത്താക്കലും പട്ടിണിയും മാറാരോഗങ്ങളും ഒറ്റയടിക്ക് പ്രശ്നങ്ങളായി പറയുന്ന രീതിയുണ്ട്. അതേസമയം, ആസൂത്രിതമായി നടത്തിയ വംശഹത്യാ ശ്രമങ്ങള്‍ ഏറെയൊന്നും ചര്‍ച്ചചെയ്യാറില്ല. അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ നിര്‍ബന്ധിത വന്ധ്യംകരണത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിധേയമായത് ആദിവാസികളാണ്. പല ആദിവാസി വിഭാഗങ്ങളിലും പുരുഷന്മാരില്‍ നടത്തിയ വന്ധ്യംകരണത്തിന്‍െറ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. നാനൂറില്‍ ചുവടെ അംഗസംഖ്യയുള്ള നിലമ്പൂര്‍ കാടുകളിലെ പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കര്‍ ഇതിന് തെളിവാണ്. ചോലനായ്ക്കരിലെ പുരുഷന്മാരാണ് വന്ധ്യംകരണത്തിന് വിധേയമായത്. അവര്‍ക്ക് കിട്ടിയതാവട്ടെ, 100 രൂപയും ബക്കറ്റും. തങ്ങളെ എന്താണ് ചെയ്തത് എന്നുപോലും അവര്‍ക്കറിയില്ല!
യൂനിസെഫ് മുമ്പ് കേരളത്തിലെ ആദിവാസികളില്‍ നടപ്പാക്കിയ ആരോഗ്യ പദ്ധതികളും അവരെ വന്ധ്യംകരിക്കുന്നതിലാണ് ഊന്നിയതെന്ന വിമര്‍ശമുണ്ട്. വാജ്പേയിയുടെ ഭരണകാലത്തും കേരളത്തില്‍ ആദിവാസി മേഖലയില്‍ വന്‍തോതില്‍ വന്ധ്യംകരണം നടക്കുകയുണ്ടായി. ആദിവാസികളുടെ വംശനാശത്തിന് ആക്കംകൂട്ടുന്നതില്‍ ഇവ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
അധിവാസ കേന്ദ്രങ്ങളില്‍നിന്നുള്ള നിഷ്കാസനത്തോടെ മാറാരോഗങ്ങള്‍ അവരെ പിടികൂടിയതായി പഠനങ്ങള്‍ തെളിയിക്കുന്നു. പാരമ്പര്യമായി ഉപയോഗിച്ചിരുന്ന പച്ചമരുന്നുകള്‍ അന്യമായതും പൊതു ആരോഗ്യകേന്ദ്രങ്ങളുടെ അഭാവവും അവരെ അകാലമരണങ്ങളിലേക്ക് നയിച്ച ഘടകങ്ങളാണ്. 1999ല്‍ നിയമസഭയുടെ പട്ടികജാതി-വര്‍ഗ ക്ഷേമസ്ഥിതി ആദിവാസികളിലെ സിക്കിള്‍സെല്‍ അനീമിയ രോഗബാധയെക്കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
ആദിമ-ഗോത്ര ജനതകളെ സംബന്ധിക്കുന്ന 1957ലെ 107ാം നമ്പര്‍ ഐ.എല്‍.ഒ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. അതിനാല്‍ ആദിവാസികളുടെ ജീവനും സ്വത്തും ആവാസവ്യവസ്ഥയും സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പ്രാക്തന ഗോത്രവിഭാഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട യുനസ്കോയുടെ നിര്‍ദേശങ്ങള്‍ അനവധിയാണ്. അവ പാലിക്കുന്നില്ലെന്നു മാത്രമല്ല, അത്തരം വിഭാഗങ്ങള്‍ക്കിടയില്‍ വന്ധ്യംകരണമടക്കമുള്ള വംശഹത്യാ പ്രവര്‍ത്തനങ്ങളാണ് മാറിമാറി വന്ന ഭരണകൂടങ്ങള്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും.
സത്യത്തില്‍, ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍ സമ്പൂര്‍ണ പൗരത്വം കിട്ടാത്തവരാണ് ആദിവാസികള്‍. നാലുലക്ഷത്തില്‍ ചുവടെ ജനസംഖ്യയുള്ള 36 വിഭാഗങ്ങളായി ചിതറിക്കിടക്കുന്ന നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഈ ജനത ഒരു വോട്ടുബാങ്കല്ലാത്തതിനാല്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ അജണ്ടപോലുമല്ല. അതേസമയം, അവര്‍ക്കുവേണ്ടി ഒഴുക്കിയ അനേകായിരം കോടികള്‍കൊണ്ട് വികസിച്ചത് ഉദ്യോഗസ്ഥ ബ്യൂറോക്രസിയും രാഷ്ട്രീയപാര്‍ട്ടികളുമാണ്. പട്ടിണിമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഓടിയെത്തുന്നതുപോലും സൂക്ഷ്മമായി നോക്കിയാല്‍ തങ്ങളുടെ കറവപ്പശുക്കള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള വെമ്പലിലാണ്. സി.കെ. ജാനു മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ സ്വാതന്ത്ര്യാനന്തരം ആദിവാസികള്‍ക്കുവേണ്ടി ഒഴുക്കിയ കോടികള്‍ അവരിലേക്ക് എത്തിയിരുന്നെങ്കില്‍ കേരളത്തിലെ ആദിവാസികള്‍ കോടീശ്വരന്മാരാകുമായിരുന്നു.
മന്ത്രിമാര്‍ പട്ടിണിമരണങ്ങളുടെ ശ്മശാനഭൂമിയായി മാറിയ അട്ടപ്പാടിയിലേക്ക് പോകുന്നതിനുമുമ്പ് കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ അവിടെ ചെലവഴിച്ച കോടികള്‍ എത്രയെന്നും അവ ആദിവാസി ജീവിതത്തെ എത്രമേല്‍ അന്യവത്കരിക്കുകയും നിര്‍ജീവമാക്കുകയും ചെയ്തെന്നും പഠിക്കേണ്ടതുണ്ട്; ഒപ്പം ആദിവാസിയെ അറിയാത്തവര്‍ നിര്‍മിച്ച പദ്ധതികള്‍ ആരുടെ വികസനത്തിനാണ് ഉപകരിച്ചതെന്നും.
(കോഴിക്കോട് ഫാറൂഖ് കോളജ് മലയാളം വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)


No comments: