16 October, 2007

വിപല്‍ സന്ദേഹങ്ങളോടെ ഒരു യാത്ര

സാര്‍, താങ്കള്‍ മലയാളിയാണോ?'
എന്താണ്‌കാര്യം,പറയൂ''
മലയാളിയല്ലെങ്കിലേ ഞങ്ങള്‍ക്ക്‌ സംസാരിക്കാന്‍ താല്‍പര്യമുള്ളൂ.''
എന്താണ്‌ പ്രശ്‌നം?'
മലയാളി പോലിസാണെങ്കില്‍ ഞങ്ങള്‍ക്ക്‌ നീതി ലഭിക്കില്ലെന്ന്‌ ഉറപ്പാണ്‌..''
ഞങ്ങള്‍ തമിഴ്‌നാട്‌ പോലിസാണ്‌ പ്രശ്‌നം പറയൂ'''
സര്‍,ആ കാണുന്ന മനുഷ്യന്‍ ഇന്നലെ രാത്രി മുഴുവന്‍ എന്റെ മകളെ ശല്യം ചെയ്‌തു.'
ദില്ലിയാത്രയിലെ രണ്ടാം ദിവസം നേരം പുലര്‍ന്നത്‌ തീവണ്ടിയിലെ സുരക്ഷാപോലിസിനോടുള്ള ഒരു വൃദ്ധയുടെ ഉച്ചത്തിലുള്ള പരാതിപറച്ചിലോടെയാണ്‌. എസ്‌.ടു കമ്പാര്‍ട്ട്‌മെന്റില്‍ മുഴുവന്‍ കേള്‍ക്കാവുന്ന ഉച്ചത്തില്‍, ശുദ്ധ ഇംഗ്ലീഷിലായിരുന്നു പരാതി പറച്ചില്‍.ഉടന്‍തന്നെ, വൃദ്ധ ചൂണ്ടിക്കാണിച്ച യുവാവിനെ പോലിസുകാര്‍ കയ്യോടെ പിടികൂടി. ദൃഢഗാത്രന്‍. പട്ടാളക്കാരനാണ്‌. ആദ്യം അല്‍പം ശൗര്യത്തോടെയും പിന്നീട്‌ താണുകേണും പ്രതി കുറ്റം നിഷേധിച്ചു. പോലിസുകാര്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ലെന്ന്‌ തിരിച്ചറിഞ്ഞതോടെ പട്ടാളക്കാരന്‍ കരച്ചിലിന്റെ വക്കോളമെത്തി. 'സാര്‍ കേസെടുത്താല്‍ എന്റെ ജോലി പോവും... എന്റെ കുടുംബം പട്ടിണിയിലാവും....'' പ്രതി താഴ്‌മയോടെ പറഞ്ഞുകൊണ്ടേയിരുന്നു.അപ്പോഴേക്കും പോലിസുകാര്‍ പ്രതിയുടെ പട്ടാളതിരിച്ചറിയല്‍ കാര്‍ഡടക്കം പിടിച്ചു വാങ്ങിയിരുന്നു. ഒടുവില്‍ പട്ടാളക്കാരന്‍ പാന്റിന്റെ പിന്‍ പോക്കറ്റില്‍ നിന്ന്‌ രണ്ട്‌ അഞ്ഞൂറിന്റെ ഗാന്ധിത്തലയുള്ള നോട്ടുകളെടുത്ത്‌ സുരക്ഷാ പോലിസ്‌ തലവന്റെ കീശയില്‍ ഇട്ടുകൊടുത്തു. അതോടെ പോലിസിന്റെ നീതിബോധമയഞ്ഞു. തിരച്ചറിയല്‍ കാര്‍ഡടക്കം എല്ലാം രേഖകളും തിരികെ നല്‍കി. മലയാളി പോലിസേ കൈക്കൂലി വാങ്ങു എന്ന വൃദ്ധയുടെ തെറ്റിദ്ധാരണ മാത്രം ബാക്കിയായി. പോലിസുകാര്‍ അവരുടെ യാത്രാപരിധിയെത്തിയപ്പോള്‍ ഇറങ്ങിപോയി.രംഗം തണുത്തപ്പോള്‍ ഞാന്‍ പട്ടാളക്കാരനോട്‌ ജന്മനാടും എത്തേണ്ട ദേശവും ചോദിച്ചു. കൊച്ചിയാണ്‌ സ്വദേശം. കശ്‌മീരിലെ അതിര്‍ത്തിയിലാണ്‌ ജോലി. തലേന്നു രാത്രിയിലെ സംഭവത്തെകുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രതി പറഞ്ഞു. ''തള്ള പറയുമ്പോലെ നേരം പുലരുന്നത്‌ വരെയൊന്നും ഞാന്‍ ശല്യം ചെയ്‌തിട്ടില്ല. അവള്‍ സഹകരിച്ചതുകൊണ്ടാണ്‌...!'' ഞാന്‍ കശ്‌മീരികളെക്കുറിച്ചു ഓര്‍ത്തു. ഒരു മൃഗത്തിന്റെ പോലും വിലകല്‍പ്പിക്കാതെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കശ്‌മീരികളെ വെടിവച്ച്‌ കൊന്ന്‌ സ്ഥാനകയറ്റം നേടാന്‍ ശ്രമിച്ച പട്ടാളക്കാരെക്കുറിച്ചുള്ള പത്രവാര്‍ത്തകളിലൂടെ മനസ്സ്‌ കടന്നുപോയി. മാനഭംഗപ്പെടുന്ന കശ്‌മീരി പെണ്‍കൊടിമാരുടെ നിലവിളി ഞാന്‍ കേട്ടു. ദൈവമേ, ഇവരൊക്കെയാണല്ലോ നമ്മുടെ അതിര്‍ത്തികാവല്‍ക്കാര്‍!
വേദിയില്‍ സരസ്വതിയും
ഹരിയാനയിലെ സിര്‍സയിലുള്ള ദേവിലാല്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു ഇന്ത്യന്‍ ജേര്‍ണലിസ്‌റ്റുയൂണിയന്‍ പ്രതിനിധി സമ്മേളനം. എല്ലാ സംസാഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ തലേന്നു രാത്രിതന്നെ സമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒന്നാം ദിവസത്തെ പരിപാടികളുടെ ഉദ്‌ഘാടകന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍സിങ്‌ ഹൂഡയായിരുന്നു. മുഖ്യപ്രഭാഷകന്‍ സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും. യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ പ്രസിഡണ്ടും ഐ.ജെ.യു അഖിലേന്ത്യാ നേതാക്കളും വേദിയിലുണ്ട്‌. മതേതരമായ പരിപാടി. അല്‍പം ഇടത്തോട്ടു ചാഞ്ഞ സംഘടനകൂടിയാണ്‌ ഐ.ജെ.യു.'ഗുജറാത്ത്‌ കത്തിയെരിയുമ്പോള്‍ നിങ്ങളെന്തു ചെയ്യുകയായിരുന്നു' എന്ന്‌ ഡി രാജ ഗുജറാത്തില്‍ നിന്നുവന്ന പത്രപ്രതിനിധികളോടും തന്റെ പ്രസംഗമദ്ധ്യേ ആര്‍ജ്ജവത്തോടെ ചോദിക്കുകയുണ്ടായി. ഇന്ത്യന്‍ മതേതരത്വത്തേയും ജനാധിപത്യത്തേയും കളങ്കമേശാതെ നിലനിര്‍ത്താന്‍ പത്രപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്‌ എന്നദ്ദേഹം പറഞ്ഞപ്പോള്‍ കരഘോഷമുയര്‍ന്നു.എന്നാല്‍,വേദിയില്‍ അണിനിരന്ന നേതാക്കളെയും, പ്രഭാഷണങ്ങളെയുംകാള്‍ പലരുടേയും ശ്രദ്ധ വേദിയില്‍ പ്രതിഷ്‌ഠിച്ച സരസ്വതിദേവിയുടെ ചിത്രത്തിലായിരുന്നു. സരസ്വതിദേവിയ്‌ക്ക്‌ ഈ വേദിയില്‍ എന്ത്‌ പ്രസക്തി എന്ന അസ്വസ്ഥചിന്ത ഒടുവില്‍ ചര്‍ച്ചാവിഷയമായി. 'ന്യൂ എയ്‌ജി'ന്റെ ലേഖകനും ഇടതുപക്ഷനുകൂലിയുമായ ആദികേശവനോട്‌ ഞാന്‍ സരസ്വതി പ്രതിഷ്‌ഠയുടെ സാംഗത്യത്തെക്കുറിച്ചു ചോദിച്ചു. അദ്ദേഹം തന്റെ വിയോജിപ്പ്‌ അറിയിച്ചു. വിയോജിപ്പുകാരുടെ സംഖ്യ പെരുകിയപ്പോള്‍ ഒരു അഖിലേന്ത്യാ കൗണ്‍സിലര്‍ പറഞ്ഞു. 'ഇത്‌ സംഘടനയുടെ രീതിയല്ല ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ സംഘാടകരായ ഹരിയാന ജേര്‍ണലിസ്റ്റ്‌ യൂണിയന്‍ ഭാരവാഹികള്‍ വച്ചതാണ്‌.സവര്‍ണ പ്രത്യയശാസ്‌ത്രം പൊതുപ്രത്യയശാസ്‌ത്രമായി മാറുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച്‌ കേരളത്തില്‍ സജീവ ചര്‍ച്ച നടക്കുന്ന കാര്യം ബംഗാളില്‍ നിന്നുവന്ന പത്രപ്രതിനിധിയോടു ഞാന്‍ പറഞ്ഞു. പൊതു വേദിയില്‍ നിലവിളക്കു കത്തിക്കുന്നതിനെ ചോദ്യം ചെയ്യുന്ന കേരളത്തിലെ സമരോല്‍സുക മതേതരവാദികളെക്കുറിച്ചും ഇ.എം.എസ്‌ അതിനെ അനുകൂലിച്ച കാര്യവും പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ അതിരറ്റ ആഹ്ലാദം.പൊതുഇടങ്ങള്‍ മതേതരമാവണമെന്ന വാദത്തോടു ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല. നെറ്റിയില്‍ നിറയെ ഭസ്‌മം പൂശി അതിനു മുകളില്‍ നെടുങ്കന്‍ കുങ്കുമകുറി വരച്ച ഗുജറാത്തില്‍ നിന്നുള്ള പത്രപ്രതിനിധിയെ ചൂണ്ടി തെലുങ്കാനയില്‍ നിന്ന്‌ വന്ന രസികനായ ഒരു പത്രപ്രവര്‍ത്തകന്‍, 'അയാള്‍ ഗുജറാത്തിലെ മതേതരനായ പത്രപ്രവര്‍ത്തകനാണെന്നു' പറഞ്ഞത്‌' തമാശയെക്കാള്‍ ഞെട്ടിയ്‌ക്കുന്ന കാര്യമായി തോന്നി. അപ്പോള്‍ അവിടുത്തെ വര്‍ഗീയവാദിയായ പത്രക്കാരന്‍ എങ്ങനെയായിരിക്കും.' എന്നറിയാതെ ചോദിച്ചുപോയി.
വാഗയില്‍ സംഭവിക്കുന്നത്‌
സമ്മേളനത്തിനിടയില്‍ പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലേക്കും ജാലിയന്‍ വാലാബാഗിലേക്കും വാഗാ അതിര്‍ത്തിയിലേക്കും പോവുക എന്നത്‌ ഞങ്ങളുടെ മുന്‍കൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ്‌ അതിന്‌ തെരഞ്ഞെടുത്തത്‌.ചാറ്റല്‍ മഴയും കൊടുംതണുപ്പും പെയ്‌തിറങ്ങുന്നുണ്ടായിരുന്നു. പഞ്ചാബിലെ ഗ്രാമങ്ങള്‍ പച്ചപരവതാനി വിരിച്ചപോലെ സുന്ദരം. സുവര്‍ണക്ഷേത്രവും ജാലിയന്‍വാലാബാഗും കണ്ട്‌ വാഗാ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ സമയം നാലുമണി. ആഞ്ഞുവീശുന്നതിനാല്‍ കുളിര്‌ നുള്ളിനോവിക്കുന്നുണ്ടായിരുന്നു. അഞ്ചുമണിക്കാണ്‌ വാഗയിലെ ഇന്ത്യാ-പാക്ക്‌ അതിര്‍ത്തി, ഗേറ്റ്‌ തുറക്കുന്നതും ഇരുരാജ്യങ്ങളിലേയും പട്ടാളക്കാരുടെ പരേഡ്‌ അരങ്ങേറുന്നതും. അഞ്ചുമണിക്കു നടക്കുന്ന 'പതാക ഇറക്കല്‍' പരിപാടിക്ക്‌ രാവിലെ നടക്കുന്ന 'പതാക ഉയര്‍ത്തല്‍' ചടങ്ങിനേക്കാള്‍ ജനബാഹുല്യം കൂടും. അഞ്ചരമണിക്കാണ്‌ ചടങ്ങെങ്കിലും നാലരമണിക്ക്‌ തന്നെ സന്ദര്‍ശകരെ ഇരുരാജ്യങ്ങളും ഇരിപ്പിടങ്ങളിലേക്ക്‌ ക്ഷണിക്കും. ഇരിപ്പിടത്തില്‍ നിന്നു നോക്കിയാല്‍ ഇന്ത്യനതിര്‍ത്തിക്കപ്പുറം പാക്ക്‌ സന്ദര്‍ശകരെ കാണാം. പാക്ക്‌ ഗേറ്റിലെ 'ബാബു ആസാദി (സ്വാതന്ത്യത്തിന്റെ കവാടം) എന്നെഴുതിയ ഗേറ്റും അതിനുമുകളില്‍ മുഹമ്മദ്‌ അലി ജിന്നയുടെ ഫോട്ടോയും കാണാം.ദേശഭക്തി ഗാനങ്ങള്‍ ഇരുരാജ്യങ്ങളും മല്‍സരിച്ചു മൈക്കിലൂടെ വെക്കുന്നുണ്ട്‌. ഒപ്പം ഇരുരാജ്യങ്ങളും സന്ദര്‍ശകര്‍ക്കു മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുന്നു. സന്ദര്‍ശകര്‍ അതേറ്റു വിളിക്കണമെന്നാണ്‌ വ്യവസ്ഥ. 'വന്ദേ മാതരം', 'ഭാരത്‌ മാതാ കി ജയ്‌' തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ ഔദ്യോഗികമായി വിളിച്ചുതരുന്നതെങ്കിലും ഇടയ്‌ക്ക്‌ കാണികള്‍ക്ക്‌ മുദ്രാവാക്യം വിളിക്കാന്‍ അവസരം നല്‍കും. അവ പലപ്പോഴും വിളിച്ചുകൊടുക്കുന്നവന്റെ മനോധര്‍മ്മമനുസരിച്ചുള്ള മുദ്രാവാക്യങ്ങളായിരിക്കും. 'പാക്കിസ്‌താന്‍ മൂര്‍ദ്ധാബാദ്‌' എന്നതാണ്‌ അതിലെ മറ്റൊരു പ്രധാന ഇനം. സൗഹാര്‍ദ്ദത്തിന്റെ നൂറുപൂക്കള്‍ വിരിയേണ്ട അതിര്‍ത്തില്‍ കപട ദേശീയബോധം നുരഞ്ഞുപൊന്തുമ്പോള്‍ ഇല്ലാതാവുന്നത്‌ ഇരുരാജ്യങ്ങളിലേയും പൗരന്‍മാര്‍ക്കിടയില്‍ വിരിയേണ്ട സ്‌നേഹത്തിന്റെയും മാനുഷികതയുടേയും ഐക്യത്തിന്റേയും പാലമാണ്‌. ഇപ്പുറത്തുനിന്നു വിളിക്കുന്ന മുദ്രാവാക്യത്തിന്റേയും പ്രതികരണത്തിന്റേയും മറുപുറം പാക്ക്‌ സന്ദര്‍ശ ഗാലറിയിലും അരങ്ങേറുന്നുണ്ടാവും എന്നത്‌. ഇപ്പുറം കേള്‍ക്കുന്നില്ലെങ്കിലും ഊഹിക്കാവുന്നതാണ്‌.ഞങ്ങള്‍ സന്ദര്‍ശിച്ച ദിവസം കാഴ്‌ചക്കാരുടെ ശ്രദ്ധ ക്ഷണിച്ച ഒന്നുരണ്ട്‌ സംഭവങ്ങള്‍ അതിര്‍ത്തിയില്‍ അരങ്ങേറുകയുണ്ടായി. ഇന്ത്യന്‍ പതാക അഴിഞ്ഞ്‌ വീണ്‌ പാറിപറന്ന്‌ പോയതാണ്‌ അതിലൊന്ന്‌. തൊട്ടടുത്ത മരച്ചില്ലയില്‍ പതാകകുടുങ്ങി പോയത്‌ കാണികളില്‍ പലതരം പ്രതികരണങ്ങള്‍ ഉളവാക്കി. പട്ടാളക്കാര്‍ ആദ്യം ഒരു വടികൊണ്ട്‌ കുത്തിനോക്കിയെങ്കിലും പതാക കൈക്കലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു സുരക്ഷാഭടന്‍ പതാകനാട്ടിയ മരത്തില്‍ കയറി അതെടുക്കേണ്ടിവന്നു. ഇരുരാജ്യങ്ങളും മല്‍സരിച്ച്‌ മുദ്രാവാക്യം വിളിക്കുന്നതിനിടയിലായിരുന്നു ഈ 'പതാക പാറല്‍' ഇന്ത്യന്‍ പതാകയെ ആദരിക്കേണ്ടവര്‍, അതും ഒരന്യരാജ്യക്കാരുടെ മുമ്പില്‍ കോപ്രായങ്ങള്‍ കാട്ടികൂട്ടിയത്‌ കാഴ്‌ചക്കാരില്‍ അമര്‍ഷമുളവാക്കി.കൃത്രിമ ദേശിയബോധം ആര്‍ത്തലക്കുന്ന വേദിയായി വാഗാ മാറുന്നുവോ എന്ന സന്ദേഹത്തെ ബലപ്പെടുത്തുന്നതായിരുന്നു പലരുടേയും അതിര്‍ത്തിയിലെ പ്രകടനങ്ങള്‍. പത്രക്കാരുടെ സമ്മേളനനഗരിയില്‍ വച്ച്‌ പരിചയപ്പെട്ട ഹരിയാനയിലെ ഒരു പ്രമുഖപത്രത്തിന്റെ പത്രാധിപര്‍ 'ലഹരിയിലാണെങ്കിലും അതിര്‍ത്തിയില്‍വച്ച്‌ ആയിരങ്ങളെ സാക്ഷിനിര്‍ത്തി നടത്തിയ നൃത്തവും ഉച്ചത്തില്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങളും അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ പരിഹാസകഥാപാത്രമാക്കി. പാക്ക്‌ വിരുദ്ധതയ്‌ക്കപ്പുറം ആ പത്രാധിപരുടെ വര്‍ഗീയതയും സങ്കുചിതത്വവും പ്രകടമാക്കുന്നതായിരുന്നു കോപ്രായങ്ങള്‍. 'ഇദ്ദേഹമൊക്കെ പത്രാധിപരായ പത്രത്തിന്റെ അവസ്ഥയെന്തായിരിക്കുമെന്ന്‌ ഒരു മലയാളി സുഹൃത്ത്‌ ഉത്‌കണ്‌ഠ പങ്കുവച്ചപ്പോള്‍ ഒട്ടും അതിശയം തോന്നിയില്ല.ഇരുരാജ്യപൗരന്‍മാരും പരസ്‌പരം ഹസ്‌തദാനം ചെയ്യുകയും മാനവികസന്ദേശം പങ്കുവക്കുന്ന ഗാനങ്ങള്‍ ഒന്നായി പാടുകയും ചെയ്യുന്ന ഒരു വാഗ, ഇരുരാജ്യത്തേയും കുട്ടികള്‍ക്ക്‌ ഒന്നിച്ച്‌ കളിച്ച്‌ ചിരിച്ച്‌ സായാഹ്നം പങ്കുവയ്‌ക്കാനുള്ള ഒരതിര്‍ത്തി എന്നാണ്‌ സഫലമാവുക എന്ന സ്വപ്‌നം പങ്കുവച്ചുകൊണ്ടാണ്‌ വാഗയില്‍ നിന്ന ഞങ്ങള്‍ മടങ്ങിയത്‌.

No comments: