09 October, 2007

വിപ്ലവകാരിയായ സെന്‍ഗുരു

വിപ്ലവകാരിയായ സെന്‍ഗുരു
തൊണ്ണൂറുകളുടെ ആരംഭം. ആഗോളവല്‍ക്കരണത്തിന്റെയും ഫാഷിസത്തിന്റെയും വരാനിരിക്കുന്ന ഇരുളിമപരന്ന ഭീകരനാളുകളെക്കുറിച്ചു വിജയന്‍ മാഷ്‌ ദീര്‍ഘദര്‍ശനത്തോടെ പ്രഭാഷണങ്ങള്‍ തുടങ്ങിയ കാലം. മാനന്തവാടിയിലെ ഒരു പ്രൈവറ്റ്‌ കോളജില്‍ കലോല്‍സവം ഉദ്‌ഘാടനംചെയ്യാനായി അദ്ദേഹം വന്നു. അന്നു ഞങ്ങള്‍ തൊട്ടടുത്ത മറ്റൊരു കോളജില്‍ മലയാളം ബി.എയ്‌ക്കു പഠിക്കുകയാണ്‌. അതിനുമുമ്പു വൈലോപ്പിള്ളി പഠനങ്ങളും മറ്റും വായിച്ചതല്ലാതെ അദ്ദേഹത്തെ നേരിട്ടു കാണുകയോ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയോ ചെയ്‌തിരുന്നില്ല. ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ ഞങ്ങള്‍ ഏതാനും സുഹൃത്തുക്കള്‍ മാഷിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയി. പെട്ടെന്നു ഞങ്ങള്‍ക്കൊരാഗ്രഹം തോന്നി. തൊട്ടടുത്തമാസം പ്രസിദ്ധീകരിക്കുന്ന ഞങ്ങളുടെ കോളജ്‌ മാഗസിനിലേക്കു മാഷുടെ ഒരു `സന്ദേശം' എഴുതിവാങ്ങിയാലോ? മാഗസിന്‍ എഡിറ്ററായിരുന്ന എന്നെയാണ്‌ അതിനു ചുമതലപ്പെടുത്തിയത്‌. സന്ദേശം എഴുതി തരണമെന്ന്‌ അപേക്ഷിച്ചുകൊണ്ടുള്ള കുറിപ്പും ഒപ്പം മെസേജ്‌ എഴുതാനുള്ള കടലാസും ഞാന്‍ മാഷിനു നല്‍കി. മാഷ്‌ കുറിപ്പു വായിച്ച്‌ ഇത്രമാത്രം എഴുതി: ``സന്ദേശങ്ങള്‍ എഴുതി വാങ്ങാനുള്ളതല്ല ജീവിതത്തിലൂടെ സൃഷ്ടിക്കാനുള്ളതാണ്‌.''വിജയന്‍ മാഷ്‌, മൂന്നു പതിറ്റാണ്ടുകാലം വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ദാര്‍ശനികഗുരുവായിരുന്നു. ക്ലാസ്‌ മുറിയില്‍ അദ്ദേഹം ആശയങ്ങളുടെ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചു. പുതുലോകം കിനാവുകാണാന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കി. എഴുപതുകളിലെ ഇളകിമറിഞ്ഞ കാമ്പസില്‍ അദ്ദേഹം ഇളക്കിമറിച്ച അധ്യാപകനായിരുന്നു. കാലഹരണപ്പെട്ട ദര്‍ശനങ്ങളുടെ മാറാപ്പുപേറുന്നവരെ അദ്ദേഹം ക്ലാസ്‌മുറിയില്‍ വച്ചു വിചാരണ ചെയ്‌തു. ആധുനികതയും അതിവിപ്ലവവിചാരങ്ങളും കത്തിനിന്ന കാലത്ത്‌ ഒരുപറ്റം ക്ഷുഭിതയൗവനങ്ങള്‍ അദ്ദേഹത്തെ ബ്രണ്ണന്‍ കോളജിലെ സ്‌റ്റാഫ്‌ റൂമില്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു: ``സര്‍, ഞങ്ങള്‍ ലൈബ്രറിക്കു തീകൊളുത്തട്ടെ.'' ``പുതിയ ഒന്നു രൂപപ്പെടുന്നതുവരെ കാത്തിരിക്കുക'' എന്നായിരുന്ന മാഷിന്റെ മറുപടി.സൂസന്‍ സൊണ്ടാഗും മീനും മദ്യവുംഫ്രോയിഡിനെയും മാര്‍ക്‌സിനെയും സമന്വയിപ്പിച്ചു തന്‍െറ ദര്‍ശനപദ്ധതിക്ക്‌ അടിത്തറ പാകിയ വിജയന്‍മാഷിന്‌, പുതിയലോകത്തെ പറിച്ചുനട്ട ചിന്തകളുടെയും വേരുകള്‍ ഇല്ലാത്ത വിചാരധാരകളുടെയും അന്തസ്സാരശൂന്യത ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിഞ്ഞു. അവയെക്കുറിച്ചെല്ലാം ഒരു സെന്‍ ഗുരുവിന്റെ ഉള്‍ക്കരുത്തോടെ പ്രതികരിച്ചു.സൂസന്‍ സൊണ്ടാഗിന്റെ ചിന്തകളുമായി ബന്ധപ്പെടുത്തി മാഷെ കുറിച്ചൊരു ദാര്‍ശനികതമാശ മാങ്ങാട്‌ രത്‌നാകരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിങ്ങനെയാണ്‌: സൊണ്ടാഗിന്റെ ചിന്തകളെപ്പറ്റി കേരളീയ ബുദ്ധിജീവികള്‍ ഗംഭീരചര്‍ച്ചകള്‍ നടത്തുന്ന കാലം. വിജയന്‍ മാഷ്‌ ബ്രണ്ണന്‍ കോളജില്‍ നിന്നിറങ്ങി, മീന്‍ മാര്‍ക്കറ്റില്‍ നിന്ന്‌ മീന്‍ വാങ്ങി ധൃതിപ്പെട്ടു വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം ഇടവഴിയില്‍ വച്ച്‌ ഒരിടത്തരം ബുദ്ധിജീവി മാഷിനു മാര്‍ഗതടസ്സം സൃഷ്ടിച്ചുകൊണ്ട്‌ ഒരൊറ്റ ചോദ്യം: ``സൂസന്‍ സൊണ്ടാഗിന്റെ ചിന്തകളെക്കുറിച്ചെന്താണഭിപ്രായം?''ചോദ്യകര്‍ത്താവിനു പെട്ടെന്നു മറുപടി കിട്ടണം. മാഷിന്‌ അതിലും പെട്ടെന്നു വീട്ടില്‍ മീനെത്തിക്കണം. അല്‍പ്പനേരം മാഷ്‌ മൗനിയായി. എന്നിട്ടു പറഞ്ഞു: ``സുഹൃത്തേ അല്‍പ്പം കഴിഞ്ഞാല്‍ ജീര്‍ണിച്ചു പോവും!''ഉത്തരം മീനിനും സൊണ്ടാഗിനും തുല്യമായി പങ്കുവയ്‌ക്കാം.മാഷിന്‌ എന്തിനെപ്പറ്റിയും മൗലികനിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതു ചിലപ്പോള്‍ ശീര്‍ഷാസന രൂപത്തിലുള്ളതായിരിക്കും. ചിന്തയോടൊപ്പം നര്‍മത്തിന്റെ മേമ്പൊടി അതില്‍ പറ്റിപിടിച്ചിരിക്കും. ഉദാഹരണമായി, മദ്യാപാനത്തെ പറ്റിയുള്ള ഒരു ചോദ്യത്തിനു മാഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``എല്ലാ നേരുകളും വിളിച്ചു പറയുന്നവരാണു മദ്യപാനികള്‍. അതുകൊണ്ടാണു സമുദായമാന്യതയുടെ നാനൂറു മീറ്റര്‍ അകലയെ മദ്യഷാപ്പ്‌ പാടുള്ളു എന്നു വ്യവസ്ഥ ചെയ്യപ്പെട്ടത്‌.'' പള്ളിയും പള്ളിക്കൂടവുമാണ്‌ ഉദ്ദേശ്യം.ക്ലാസില്‍ നിന്നു ധൈഷണിക അരാജത്വത്താല്‍ പുറത്താക്കപ്പെടുന്നവരെ പറ്റി ഞങ്ങളുടെ കാമ്പസില്‍ പ്രഭാഷണത്തിനു വന്ന മാഷോടു ചോദ്യോത്തരവേളയില്‍ ഒരു ചോദ്യമുണ്ടായി. മാഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ക്ലാസ്‌ മുറിയില്‍ നിന്നു പുറത്താക്കപ്പെടുന്നവര്‍ സമൂഹത്തിന്റെ പുറത്തല്ല; അകത്താണ്‌ എത്തിപ്പെടുന്നത്‌!'' അധ്യാപനവൃത്തിയില്‍ നിന്നു റിട്ടയര്‍ ചെയ്‌ത ശേഷമാണ്‌ ഒരര്‍ഥത്തില്‍ മാഷ്‌, ക്ലാസ്‌ മുറിയില്‍നിന്നു സമൂഹമധ്യത്തിലേക്ക്‌ ഇറങ്ങിവന്നത്‌. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ തണലിലായിരുന്നു അത്‌. 1985 നു ശേഷം മാത്രം പാര്‍ട്ടിയുമായി സജീവബന്ധം പുലര്‍ത്തി തുടങ്ങിയ മാഷിന്‌, വൈകി വിവാഹിതനാവുന്ന പുരുഷനു തന്റെ സുന്ദരിയായ ഭാര്യയെപ്പറ്റി ഉണ്ടാകാവുന്ന ആശങ്കകള്‍ മുഴുവനും പാര്‍ട്ടിയെപ്പറ്റി ഉണ്ടായിരുന്നു. ``കാറ്റും വെളിച്ചവും കടക്കാന്‍ പറ്റാത്ത ഇരുട്ടറയായി'' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കണ്ടത്‌ ഇത്തരമൊരു രാഷ്ട്രീയ ആശങ്ക കൊണ്ടാവണം.വേറിട്ട സ്വരംപ്രസംഗവേദിയില്‍ മാഷിനു മുന്‍ഗാമികളില്ല. ചിന്തകൊണ്ടും ഭാഷ കൊണ്ടും അദ്ദേഹം പുതുലോകം സൃഷ്ടിച്ചു. പ്രഭാഷണത്തെ സര്‍ഗാത്മകവും കാവ്യാത്മകവുമാക്കി. സ്റ്റേജില്‍ അദ്ദേഹം പൊട്ടിത്തെറിച്ചില്ല. വളരെ ശാന്തമായി, പുഞ്ചിരിച്ചു ചിലപ്പോള്‍ ചിലപ്പോള്‍ കണ്ണടച്ച്‌, അല്‍പ്പനേരം മൗനിയായി ചിന്തകളില്‍ നിന്ന്‌ ഒരാശയപ്രപഞ്ചത്തിലേക്കു ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോയി. കേള്‍വിക്കാരന്‌ അറിവിനേക്കാള്‍ ചിന്തയും അനുഭൂതിയും അതു കനിഞ്ഞരുളി. നീണ്ട ആമുഖ ഉപചാരവാക്കുകളില്ലാതെ വിഷയത്തിന്റെ അകത്തളത്തിലേക്കു കടന്ന്‌, അവിടെയെങ്ങും പരതി, സ്‌പര്‍ശിക്കേണ്ടതിനെ സ്‌പര്‍ശിച്ചും സുപരിചിതമായ ഉപമകള്‍ ഉപയോഗിച്ചും ശ്രോതാവിനെ അദ്ദേഹം തന്നോടൊപ്പം സഞ്ചരിപ്പിച്ചു. ഒരു വിഷയത്തില്‍ തുടങ്ങി അനേകം വിഷയങ്ങളിലൂടെ കടന്ന്‌, ഒടുവില്‍ ആരംഭത്തില്‍ തിരിച്ചെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തനിക്ക്‌ ഏറെ സുപരിചിതമായവരോടെന്നപോലെ അദ്ദേഹം മൈക്കിനു മുമ്പില്‍ പെരുമാറി. ആശയങ്ങള്‍ അദ്ദേഹത്തെ ജ്വലിപ്പിച്ചു നിര്‍ത്തി. ഫ്രോയ്‌ഡും മാര്‍ക്‌സും യുങും റീഹും കേസരിയും വൈലോപ്പിള്ളിയും ബഷീറും പ്രസംഗവേദിയില്‍ അദ്ദേഹത്തിനു കൂട്ടുണ്ടായിരുന്നു; ഏറ്റവും ഒടുവില്‍ ബര്‍ണാഡ്‌ ഷായും.വിമര്‍ശനത്തിലെ മനോവിശ്ലേഷകന്‍ഫ്രോയ്‌ഡിന്റെ മനോവിശ്ലേഷണതത്ത്വങ്ങളെ ആധാരമാക്കി മലയാളത്തില്‍ നവവിമര്‍ശനരീതി പ്രോദ്‌ഘാടനം ചെയ്‌ത സാഹിത്യനിരൂപകനാണു പ്രഫ. എം. എന്‍. വിജയന്‍. മലയാളത്തില്‍ ഏറെയൊന്നും എഴുത്തുകാരെ അദ്ദേഹം പഠനവിധേയമാക്കിയിട്ടില്ല. വിധേയമാക്കിയവരെ അഗാധമായി വിലയിരുത്താനും അദ്ദേഹം മറന്നില്ല. വൈലോപ്പിള്ളി എന്ന ഒരു കവിക്ക്‌ ഇത്രമേല്‍ അംഗീകാരം കിട്ടാനുള്ള ഒരു കാരണം വിജയന്‍ മാഷിന്റെ ആഴമാര്‍ന്ന പഠനങ്ങളാവണം. വൈലോപ്പിള്ളിയെ ജനജീവിതത്തിന്റെ ഭാഗമാക്കി, അനുഭൂതിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കാവണം വിമര്‍ശനസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ബഷീറിനെക്കുറിച്ച്‌ അദ്ദേഹം നടത്തിയ മരുഭൂമികള്‍ പൂക്കുമ്പോള്‍ എന്ന ചെറിയ പഠനം ബഷീര്‍പഠനങ്ങളില്‍ ഏറ്റവും മികച്ചതു തന്നെയാണ്‌.സാഹിത്യവിമര്‍ശനത്തിന്റെ പതിവുരീതികളെയും മാനദണ്ഡങ്ങളെയും മറികടക്കുകയും തന്റേതായൊരു സരിണി പ്രോത്‌ഘാടനം ചെയ്യുകയുമാണ്‌ അദ്ദേഹം ചെയ്‌തത്‌. തനിക്കു പറയാനുള്ളതു സ്ഥാനമാനങ്ങള്‍ മോഹിച്ചോ അധികാരപീഠങ്ങളെ ഭയപ്പെട്ടോ അദ്ദേഹം പറയാതിരുന്നില്ല. നിര്‍ഭയത്വം അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്‌ഫുരിച്ചു നിന്നു.ഫാഷിസ്റ്റ്‌വിരുദ്ധ പോരാളിഗുജറാത്തിലെ വംശഹത്യാനന്തരനാളുകളില്‍ ഫാഷിസത്തെപ്പറ്റി അദ്ദേഹം, പുരോഗമന കലാസാഹിത്യസംഘത്തിന്റെ വേദികളിലൂടെ നടത്തിയ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിച്ചു. അക്കാലത്ത്‌ `ഫാഷിസ്‌ററ്‌വിരുദ്ധ പാഠശാല'കളില്‍ അദ്ദേഹം നടത്തിയ ഏതാനും പ്രഭാഷണങ്ങള്‍ക്കു സാക്ഷിയാവാന്‍ അവസരം കിട്ടിയിട്ടുള്ള ഈ ലേഖകന്‍, ആ വിഷയത്തില്‍ മാഷുമായി ഒന്നിലേറെ തവണ അഭിമുഖം നടത്തിയിട്ടുണ്ട്‌. ആഴമുള്ള നിരീക്ഷണങ്ങള്‍കൊണ്ടും ചിന്തയുടെ ഔന്നിത്യം കൊണ്ടും സൂര്യതേജസാര്‍ന്നവയായിരുന്നു അത്‌. വില്യം റീഹിന്റെ ഫാഷിസത്തിന്റെ ആള്‍കൂട്ട മനഃശാസ്‌ത്രത്തിനു മാഷെഴുതിയ ആമുഖം ഫാഷിസത്തെ പറ്റിയുള്ള മലയാളത്തിലെ ഉജ്ജ്വലപഠനങ്ങളില്‍ ഒന്നാണ്‌.ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്‌ന്‍കാഫ്‌ മലയാളത്തില്‍ ഒലീവ്‌ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്‌ ആമുഖ പഠനം തയ്യാറാക്കിയതു മാഷായിരുന്നു. ആമുഖലേഖനം പകര്‍ത്തിയെടുക്കുമ്പോള്‍ ആരും കാണാത്തതു കാണുകയും ആരും പറയാത്തതു പറയുകയും ചെയ്യുന്ന ഒരു മൗലികപ്രതിഭയുടെ ആഴവുംപരപ്പും അനുഭവിക്കാനായിട്ടുണ്ട്‌. ആമുഖപഠനവുമായി ബന്ധപ്പെട്ട്‌ ആദ്യമായി മാഷെ ഫോണ്‍ ചെയ്‌തപ്പോള്‍ ആമുഖം എന്നതിനു പകരം `അവതാരിക' എന്നു തെറ്റായി പറഞ്ഞുപോയി. ഉടനെ ചിരിച്ചുകൊണ്ടുള്ള മറുപചോദ്യമുണ്ടായി: ``അല്ല, മെയ്‌ന്‍കാഫിനു ഞാന്‍ അവതാരിക എഴുതുന്നതു ഹിറ്റലര്‍ ഇഷ്ടപ്പെടുമോ എന്ന്‌.ഹിറ്റ്‌ലറെ വിലയിരുത്തന്നതിലൂടെ ഇന്ത്യന്‍ ഫാഷിസത്തെ പഠനവിധേയമാക്കുക എന്നതുകൂടി ഞങ്ങളുടെ ലക്ഷ്യമായിരുന്നു. രാവിലെ പത്തുമണിയ്‌ക്ക്‌ ആരംഭിച്ച സംസാരം നാലുമണിവരെ നീണ്ടു; ഇടയ്‌ക്കു ചായയും ചോറും. മാഷ്‌ തന്നെയായിരുന്നു ചായയും പലഹാരങ്ങളും അകത്തുനിന്നും കൊണ്ടുവന്നിരുന്നത്‌. ഉച്ചഭക്ഷണത്തിനു മാഷ്‌ ഇലയിടുമ്പോള്‍ ഇതേക്കുറിച്ചു സുഹൃത്ത്‌ ശൈജല്‍ ചോദിച്ചു: `ഭാര്യയ്‌ക്കു നല്ല സുഖമില്ല' എന്നു മറുപടി. സംസാരം കഴിഞ്ഞു പിരിയുമ്പോള്‍ വേലിവരെ അദ്ദേഹം ഞങ്ങളോടൊപ്പം വന്നു. മെയ്‌ന്‍കാഫിന്റെ ആമുഖം തയ്യാറാക്കിയ രീതിയും `ഹിറ്റ്‌ലര്‍ ഇന്ത്യയിലേക്കു വരുന്ന വഴി' എന്ന ശീര്‍ഷകവും ഇഷ്ടപ്പെട്ടതായി പിന്നീടൊരിക്കല്‍ പറഞ്ഞു.മുന്‍ഗണനാക്രമത്തില്‍ വന്ന തെറ്റ്‌കേരളത്തിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയില്‍ ഫാഷിസത്തേയും സാമ്രാജ്യത്വത്തേയും എതിര്‍ക്കുമ്പോള്‍ പാലിക്കേണ്ട മുന്‍ഗണനാക്രമത്തില്‍ മാഷിനു പാകപ്പിഴകള്‍ സംഭവിച്ചോ എന്ന ആശങ്ക അസ്ഥാനത്തല്ല. മാഷിനു ചുറ്റും താവളമുറപ്പിച്ച അവികസിതബുദ്ധികേന്ദ്രങ്ങള്‍ മാഷെ സ്വാധീനിച്ചിരുന്നു എന്നു വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.ഗുജറാത്ത്‌ വംശഹത്യാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും അധികാരത്തില്‍ നിന്നു തൂത്തെറിയപ്പെട്ടതോടെ ഇനി ഫാഷിസത്തെയല്ല, സാമ്രാജ്യത്വത്തെ മാത്രമാണ്‌ എതിര്‍ക്കേണ്ടതെന്ന നിലപാടിലേക്ക്‌ ഒരു ഘട്ടത്തില്‍ മാഷെത്തിയിരുന്നുവോ എന്നു സന്ദേഹിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടാല്‍ മാത്രം തോല്‍ക്കുന്നതല്ല ഇന്ത്യന്‍ ഫാഷിസമെന്നും അതിന്റെ വേരുകളും ശാഖകളും പടര്‍ന്നു പന്തലിച്ചതാണന്നും തിരിച്ചറിയാത്ത ആളായിരുന്നില്ല വിജയന്‍ മാഷ്‌. എന്നിട്ടും `ഇരകളെക്കുറിച്ചുള്ള മാഷുടെ നിലപാടു വ്യക്തമാക്കുന്ന നടത്തിയ ഒരഭിമുഖത്തില്‍ വളരെ അവികസിതമായ നിലപാട്‌ മാഷ്‌ അവതരിപ്പിക്കുകയും പിന്നീടതു വിവാദമാവുകയും ചെയ്‌തു. ഇന്ത്യന്‍ അവസ്ഥ വിലയിരുത്തുന്നതില്‍ മാഷിനു പറ്റിയ പാകപ്പിഴയെ വികസിപ്പിക്കുവാനും നിരന്തരം തുടരേണ്ട ഫാഷിസ്റ്റ്‌ വിരുദ്ധപോരാട്ടത്തെ അധിനിവേശവിരുദ്ധതയില്‍ മാത്രം ഒതുക്കാനും ശ്രമങ്ങളും നടന്നു. രണ്ടും തുല്യപ്രാധാന്യം നല്‍കേണ്ട പ്രശ്‌നമാണെന്ന വിലയിരുത്തല്‍ ഉണ്ടായില്ല. പു. ക. സയില്‍ നിന്നു രാജിവച്ച ശേഷം രൂപംനല്‍കിയ സംഘടനയ്‌ക്ക്‌ `അധിനിവേശ വിരുദ്ധ സമിതി' എന്നു മാത്രമായി പേരു ചുരുങ്ങിയതു യാദൃശ്ചികമാവാന്‍ ഇടയില്ല.മുതലാളിത്തവും സാമ്രാജ്യത്വവും എത്രമേല്‍ നമ്മുടെ രാഷ്ട്രീയസാംസ്‌കാരിക, ചിന്താമണ്ഡലങ്ങളെ സ്വാധീനിക്കും എന്നു മാഷിനു ദീര്‍ഘവീഷണത്തോടെ കാണാന്‍ കഴിഞ്ഞിരുന്നു. അധിനിവേശത്തിന്റെ കുടിലതന്ത്രങ്ങളെക്കുറിച്ചു ജാഗരൂകരാവാന്‍ അന്ത്യനിമിഷത്തില്‍ പോലും അദ്ദേഹം ആഹ്വാനം ചെയ്‌തു.ഒടുവിലെ കൂടിക്കാഴ്‌ചതേജസ്‌ വാര്‍ഷികപ്പതിപ്പിനു വേണ്ടി ലേഖനം തയ്യാറാക്കാനാണ്‌ ഏറ്റവും ഒടുവില്‍ കൊടുങ്ങല്ലൂരിലെ `കരുണ'യില്‍ ചെന്നത്‌. ക്ഷീണം കണ്ണുകളില്‍ കൂടുകെട്ടിയിരിക്കുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ തന്നെ അലട്ടിയിരുന്ന അസുഖങ്ങളെക്കുറിച്ചും അതിനു ചെയ്‌തുകൊണ്ടിരുന്ന ചികില്‍സകളെപ്പറ്റിയും പറഞ്ഞു. മാഷിന്‌ ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്തതു കൊണ്ടാവണം അന്നു ദീര്‍ഘമായി സംസാരിച്ചു. പണം പരമപ്രധാനമാവുമ്പോള്‍ സംഭവിക്കുന്ന അപഭ്രംശങ്ങളെക്കുറിച്ചായിരുന്നു സംസാരം.ലാളിത്യമാര്‍ന്ന ജീവിതമാണു വിജയന്‍മാഷ്‌ എന്നും നയിച്ചിരുന്നത്‌. 1960 മുതല്‍ 1985 വരെ `കരുണ'യെന്ന ധര്‍മ്മടത്തെ പുല്ലിട്ട വാടകവീട്ടിലായിരുന്നു താമസം. വിരമിച്ചശേഷം കൊടുങ്ങല്ലൂരിലും ലാളിത്യപൂര്‍ണമായ ജീവിതം അദ്ദേഹം നയിച്ചു. എന്നാല്‍ മൗലികചിന്തയിലും വീക്ഷണത്തിലും അദ്ദേഹം ഒരിക്കലും കടം കൊള്ളുകയോ ഞെരുങ്ങുകയോ ചെയ്‌തില്ല.

1 comment:

മൂര്‍ത്തി said...

നന്നായിട്ടുണ്ട്. മാഷെ infallible ആക്കാന്‍ നോക്കാതിരുന്നതിനു നന്ദി.. emotional content മാത്രമുള്ള കുറെയധികം എം.എന്‍.വിജയന്‍ അനുസ്മരണങ്ങള്‍ വായിച്ച് തല പെരുത്തിരിക്കുകയായിരുന്നു.

ഫോണ്ട് അല്പം വലുതാക്കിക്കൂടേ? ഞാന്‍ വേറെ ഒരിടത്ത് കോപ്പി പേസ്റ്റ് ചെയ്താണ് വായിച്ചത്.