Published on Saturday,madhyamamdaily October 16,
ഡോ. അസീസ് തരുവണ
അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വീതംവെപ്പുവിധി അക്ഷരാര്‍ഥത്തില്‍
ഞെട്ടിച്ചത് രാമായണഗവേഷകരെയും പണ്ഡിതന്മാരെയുമാണ്. രാമായണങ്ങളിലെ കേവല
കഥാപാത്രങ്ങളായും മിത്തുകളായും കരുതിപ്പോന്ന ശ്രീരാമനെയും സീതയെയും ഒരു
കോടതിവിധിയിലൂടെ ചരിത്രവത്കരിച്ചത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസംഖ്യം
ചെറുകിട രാമായണ സംസ്‌കൃതികള്‍ക്കുമേലുള്ള കടന്നുകയറ്റവും അവയെ റദ്ദു
ചെയ്യലുമാണ്. 1987ല്‍ സംപ്രേഷണം തുടങ്ങിയ ടെലിവിഷന്‍ രാമായണപരമ്പരകള്‍
നടത്തിയ ഇത്തരമൊരു കടന്നുകയറ്റത്തെപ്പറ്റി ചരിത്രപണ്ഡിതയായ റൊമില
ഥാപ്പര്‍ മുതല്‍ രാമായണഗവേഷകയായ പൗള റിച്ച്മാന്‍ വരെയുള്ളവര്‍ നടത്തിയ
വിശകലനങ്ങള്‍ ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
ലക്ഷക്കണക്കിന് വര്‍ഷം മുമ്പ് നടന്നു എന്ന് വാല്മീകിരാമായണം
സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങള്‍ക്കാണ് കോടതി വിശ്വാസത്തിന്റെ
പക്ഷത്തുനിന്ന്, തികഞ്ഞ ഭക്തരെ പോലെ വിധി കല്‍പിച്ചിരിക്കുന്നത്.
'ഭാരതത്തിലെ വിശ്വാസമനുസരിച്ച് ത്രേതായുഗത്തിന്റെ അന്ത്യത്തിലാണ്
ശ്രീരാമന്‍ വസിച്ചിരുന്നത്. ക്രിസ്തുവിന് 8,67,200 വര്‍ഷം മുമ്പ്
ത്രേതായുഗം അവസാനിച്ചുവെന്ന് താത്ത്വികന്മാര്‍ പ്രസ്താവിക്കുന്നുവെന്ന്
പുരാണിക് എന്‍സൈക്ലോപീഡിയ (പുറം 1009)യില്‍ കാണാം. സത്യത്തില്‍, ഈ യുഗ
കണക്കുകള്‍പോലും വിചിത്രമാണ്. മനുഷ്യചരിത്രത്തിനും മനുഷ്യോല്‍പത്തിക്കും
അപ്പുറത്തേക്ക് നീളുന്നതാണ് എല്ലാ യുഗങ്ങളും. വാസ്തവത്തില്‍
പുരാണേതിഹാസങ്ങളിലെ കഥകള്‍പോലെ ഈ യുഗസങ്കല്‍പവും ഒരു മിത്താണ്.
കാലത്തെക്കുറിച്ചുള്ള മിത്ത്.
രാമനെയും സീതയേയും രാമായണങ്ങളിലെ കഥാപാത്രങ്ങളായി ചുരുക്കുന്നത്
ശരിയാവില്ല. രാമായണങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന
ഗ്രന്ഥങ്ങളിലും രാമനും സീതയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. തൈത്തീരിയം
(5, 8, 13), ഋഗ്വേദം (10, 93, 14), ഐതരേയ ബ്രാഹ്മണം (7, 27-34), ശതപഥ
ബ്രാഹ്മണം (4, 6, 1, 7) എന്നിവയിലൊക്കെ രാമസൂചക പരാമര്‍ശങ്ങള്‍ കാണാം.
വാല്മീകി രാമായണത്തിന് മുമ്പുതന്നെ വാമൊഴിയായി രാമകഥ പ്രചരിച്ചിരുന്നു
എന്ന് വാല്മീകി രാമായണം ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും
സൂചിപ്പിക്കുന്നുണ്ട്. കാവ്യോപജീവികളായ പാട്ടുസംഘ ജാതിക്കാര്‍ പാടി
നടന്ന രാമകഥകള്‍ ശേഖരിക്കുകയാണ് ലിഖിത രാമായണ കര്‍ത്താക്കള്‍ ചെയ്തത്.
അതിനാല്‍, വാമൊഴിയിലെ പാഠഭേദങ്ങള്‍പോലെ വരമൊഴിയിലും പാഠാന്തരങ്ങള്‍
കാണാം. അതിനാല്‍ കോടതികള്‍ക്ക് തീര്‍പ്പിലെത്താന്‍ സഹായകമാവുന്ന
വിധത്തില്‍ ഖണ്ഡിതമായി ഒരുകാര്യവും രാമായണങ്ങളില്‍ ഇല്ല. വാല്മീകി
രാമായണംപോലും ഒരൊറ്റ പാഠമല്ല. ദക്ഷിണാത്വപാഠം, ഗൗഡീയപാഠം, പശ്ചിമോത്തരീയ
പാഠം എന്നിങ്ങനെ മൂന്ന് വരമൊഴി രൂപങ്ങളാണ് അതിനുള്ളത്. ഓരോ പാഠത്തിലും
മറ്റു പാഠഭേദങ്ങളില്ലാത്ത ധാരാളം ശ്ലോകങ്ങള്‍ കാണാം. മൂന്നു പാഠങ്ങളിലും
ലഭ്യമാകുന്ന ശ്ലോകങ്ങളുടെ രൂപം തന്നെ ഒരുപോലെയല്ല. പല സ്ഥലങ്ങളിലും
അവയുടെ ക്രമംപോലും വ്യത്യസ്തമാണ് എന്ന് രാമകഥാ ഗവേഷകനായ കാമില്‍
ബുല്‍ക്കെ 'രാമകഥ'യില്‍ അഭിപ്രായപ്പെടുന്നു.
വാല്മീകി രാമായണം നിരവധി തവണ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായ
കൃതിയാണ്. പ്രക്ഷിപ്തം എന്നാണ് അവക്ക് പറയുക. ബ്രാഹ്മണമേധാവിത്വം
അരക്കിട്ടുറപ്പിക്കുന്നതിന് നടത്തിയ തിരുകിക്കയറ്റലുകള്‍ നിരവധിയാണ്.
അതിനാല്‍ ഏതെങ്കിലും ഒരു കവിയുടെ രചനയാണ് ഈ കൃതി എന്ന് പറയാവതല്ല.
കാമില്‍ ബുല്‍ക്കെ എഴുതി: 'രാമായണം ഉത്തരകാണ്ഡം മുഴുവന്‍ പ്രക്ഷിപ്തമാണ്.
ഉത്തരകാണ്ഡത്തിലെ വിവരങ്ങളുടെ അപഗ്രഥനത്തില്‍ നിന്നു വിഭിന്നരായ കവികളാണ്
ഇത് രചിച്ചതെന്ന് സ്‌പഷ്ടമാണ്' (രാമകഥ പുറം 598).
ഇത്തരത്തില്‍ സങ്കീര്‍ണവും വിചിത്രവുമായ ഒരു ഇതിഹാസകൃതിയെ,
വിശ്വാസത്തിന്റെ പക്ഷത്തുനിന്ന് വായിക്കുന്ന നിഷ്‌കളങ്കനായ ഒരു
ഭക്തനെപ്പോലെ കോടതികള്‍ സമീപിക്കുന്നത് വി.ആര്‍. കൃഷ്ണയ്യരുടെ ഭാഷയില്‍
പറഞ്ഞാല്‍ 'വിചിത്രം' തന്നെയാണ്.
ജന്മസ്ഥാനം കണ്ടെത്തിയ സ്ഥിതിക്ക് കോടതി രാമനുമായി ബന്ധപ്പെട്ട മറ്റുചില
കേസുകള്‍ കൂടി പരിഗണിക്കേണ്ടി വരില്ലേ? ഉദാഹരണമായി, ശംബൂകന്‍ എന്ന
ശൂദ്രന്‍ തപസ്സുചെയ്തപ്പോള്‍ ശൂദ്രന്‍ തപസ്സു ചെയ്യുന്നത് വര്‍ണാശ്രമ
ധര്‍മത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് ശംബൂകന്റെ
തലയറുത്തുകൊന്നിരുന്നുവല്ലോ ശ്രീരാമന്‍. ഈ കൊലപാതകം നടത്തിയതിന് രാമനെ
ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ദലിത്‌സംഘടന കോടതിയില്‍ പോയാല്‍ എന്തു
ചെയ്യും? ശൂര്‍പ്പണഖ എന്ന രാക്ഷസ സ്ത്രീയുടെ മുലയും മൂക്കും ചുണ്ടും
ഛേദിച്ചിരുന്നുവല്ലോ ലക്ഷ്മണന്‍. ഈ സ്ത്രീപീഡനത്തിന് രാമന്‍
പ്രേരിപ്പിച്ചിരുന്നു എന്നും അതിനാല്‍ രാമനെ ശിക്ഷിക്കണമെന്ന്
ആവശ്യപ്പെട്ട് വല്ല ഫെമിനിസ്റ്റ് സംഘടനകളും കോടതിയെ സമീപിച്ചാല്‍ പ്രതി
ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ലെങ്കിലും കോടതി
എന്ത് പ്രസ്താവന ഇറക്കും?
ലഖ്‌നോ ബെഞ്ചിന്റെ വിധിയില്‍ ഏറ്റവും വിചിത്രം സീതയുടെ അടുക്കളയുടെ
കാര്യമാണ്. ഒരു രാമായണത്തിന്റെയും പിന്തുണ ഈ അടുക്കളക്കില്ല. സീതയുടെ
ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ ഖണ്ഡിതമായ കാര്യങ്ങള്‍ വളരെ
കുറവാണ്. സീതയെക്കുറിച്ച് പറയുന്ന നിരവധി രാമായണങ്ങള്‍ സീതക്കുതന്നെ
പരിചിതമായിരുന്നു എന്ന് എഴുത്തച്ഛന്റെ അധ്യാത്മരാമായണം
അയോധ്യാകാണ്ഡത്തില്‍ കാണാം. അധ്യാത്മരാമായണത്തില്‍ ഇങ്ങനെയൊരു രംഗമുണ്ട്:
സീത രാമനോടൊത്ത് വനവാസത്തിന് പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്.
വനത്തില്‍ ദീര്‍ഘകാലം വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും സീതയെ
പിന്തിരിപ്പിക്കുന്നില്ല. ഒടുവില്‍ സീത ഇങ്ങനെ പറയുന്നു: 'രാമായണങ്ങള്‍
പലവും കവിവര-താമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍, ജാനകിയോടു കൂടാതെ
രഘുവരന്‍ കാനനവാസത്തിനെന്നുപോയിട്ടുള്ളൂ?'
സീതയാണ് നമ്മുടെ നാടോടിപ്പാട്ടുകാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.
അതിനാല്‍ സീതയെക്കുറിച്ച് നിരവധി സങ്കല്‍പങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
വാല്മീകിക്ക് വിന്ധ്യാപര്‍വതത്തിനിപ്പുറമുള്ള ദക്ഷിണേന്ത്യ
അപരിചിതമായതിനാല്‍ രാമായണത്തില്‍ ദക്ഷിണേന്ത്യ പരാമര്‍ശിക്കപ്പെടുന്നില്ല
എന്നത് നിരവധി രാമായണ ഗവേഷകര്‍ ചൂണ്ടിക്കാട്ടിയ വസ്തുതയാണ്. അതേസമയം,
ദക്ഷിണേന്ത്യയിലെ നാടോടിപ്പാട്ടുകാര്‍ സൃഷ്ടിച്ച സീതാ സങ്കല്‍പത്തില്‍
കേരളത്തിനുപോലും പരിചിതയായ സീതയെ കാണാം. സീതയുടെ അടുക്കള, കുളിച്ച കടവ്,
തുണി അലക്കിയിട്ട പാറ, പൂജക്ക് പൂപറിക്കാന്‍ പോയ സ്ഥലം, ലവകുശന്മാരെ
പ്രസവിച്ച സ്ഥലം തുടങ്ങി ഒടുവില്‍ അന്തര്‍ധാനം ചെയ്ത സ്ഥലംപോലും
കേരളത്തിലുണ്ട്. ഉദാഹരണമായി, വയനാട്ടിലെ മുത്തങ്ങക്കടുത്ത പൊന്‍കുഴിയില്‍
സീതയുടെ കണ്ണീര്‍ വീണുണ്ടായ തടാകമുണ്ട് (സീതാ തീര്‍ഥം), തൊട്ടടുത്ത്
ലവകുശന്മാര്‍ യാഗാശ്വത്തെ ബന്ധിച്ച മരമുണ്ട് (ആലിന്‍കുളം), സീത
പൂപറിക്കാന്‍പോയ സ്ഥലമുണ്ട് (ഇരുളം), സീത ദുഃഖാര്‍ത്തയായി ഇരുന്ന
മരച്ചുവടുണ്ട് (ആല്‍ത്തറ), ലവകുശന്മാര്‍ അസ്ത്രാഭ്യാസം പഠിച്ച
പ്രദേശമുണ്ട് (ശശിമല), സീതയുടെ വീടുസ്ഥിതി ചെയ്തിരുന്ന പ്രദേശമുണ്ട്
(ചെതലയം), സീതയും ലവകുശന്മാരും പര്‍ണശാല കെട്ടി താമസിച്ച നാടുണ്ട് (സീതാ
മൗണ്ട്), എന്തിനധികം, സീത ഭൂമിയില്‍ താണുപോയ-അന്തര്‍ധാനം ചെയ്ത ഒന്നിലേറെ
സ്ഥലങ്ങള്‍ വയനാട്ടിലുണ്ട്. ഇതിനെല്ലാം സാക്ഷിയായ വാല്മീകിയുടെ ആശ്രമവും
വയനാട്ടിലുണ്ട്-വയനാട്ടിലെ, പുല്‍പള്ളിക്കടുത്ത ആശ്രമം കൊല്ലിയില്‍.
രാമന്റെ ജന്മസ്ഥാനം കണ്ടെത്തിയവര്‍ക്ക് അടുക്കള കണ്ടെത്താന്‍ വലിയ
ബുദ്ധിമുട്ടുണ്ടാവാന്‍ ഇടയില്ല! രാമന്‍ ജനിച്ചത് ദശരഥ മഹാരാജാവിന്റെ
കൊട്ടാരത്തിലാണ്. ഉദ്ഖനനത്തില്‍, ക്ഷേത്രാവശിഷ്ടം കിട്ടി
എന്നുപറയുന്നവര്‍ എന്തുകൊണ്ട് അവിടെ നിന്ന് കൊട്ടാരാവശിഷ്ടം
കണ്ടെത്തിയില്ല? രാമന്‍ ജനിച്ചത് കൊട്ടാരത്തിലാണല്ലോ. അടുക്കളയുടെ
അടുപ്പുകല്ല് കണ്ടുകിട്ടിയതായും പറഞ്ഞുകേട്ടില്ല.
കോടതി വിധിക്കുശേഷം രാജ്യത്ത് കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായില്ലല്ലോ,
പിന്നെയെന്തിനാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് എന്ന് കേട്ടാല്‍
'നിഷ്‌കളങ്ക'മെന്ന് തോന്നുന്ന ഒരു വാദഗതി ഒരുഭാഗത്ത് മീഡിയ നിശ്ശബ്ദമായി
പ്രചരിപ്പിക്കുന്നുണ്ട്. 'ഏതായാലും പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടിയല്ലോ,
ഇനി പ്രശ്‌നമാക്കേണ്ട' എന്ന മതേതര നിസ്സഹായത പൊതുവെ
ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സത്യത്തില്‍ ഈ വിധി ഒരു ഹിന്ദു-മുസ്‌ലിം
പ്രശ്‌നമായി ചുരുക്കി കാണുന്നതിന്റെ പരിമിതിയാണ് ഇത്തരം വാദഗതികളില്‍
മുഴച്ചുനില്‍ക്കുന്നത്. ഭാവിയില്‍ സംഘ്പരിവാര്‍ ശക്തികള്‍
ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോകുന്ന പ്രശ്‌ന സങ്കീര്‍ണതകള്‍ക്കും
വാദഗതികള്‍ക്കുമുള്ള നിയമപരമായ പിന്തുണയാണ് ഈ വിധിമൂലം
ലഭിച്ചിരിക്കുന്നത്.
രാമായണ ഗവേഷകരെ സംബന്ധിച്ചിടത്തോളം ഇതിഹാസ സംസ്‌കാരത്തിന് നേരെയുള്ള
കടന്നാക്രമണമാണ് ബാബരിവിധി. രാമായണത്തിന്റെ ബഹുസ്വരതക്കുമേലുള്ള
കടന്നുകയറ്റം. നിരവധി ചെറുകിട രാമായണ വിശ്വാസങ്ങള്‍ക്കുമേലുള്ള
അധിനിവേശം. രാമനെയും രാമായണത്തെയും വ്യത്യസ്ത വീക്ഷണകോണുകളിലൂടെ
നോക്കിക്കാണുന്ന ലഘു ആഖ്യാനങ്ങളെ ഈ വിധി റദ്ദു ചെയ്യുന്നുണ്ട്. അതിനാല്‍,
കോടതി വിധിയിലൂടെ 'വിശ്വാസം സംരക്ഷിച്ചു' എന്നും 'വിശ്വാസികളുടെ
വികാരത്തെ മാനിച്ചു' എന്നും പറയുന്നതിന്റെ മറ്റൊരര്‍ഥം, ജൈന, ബൗദ്ധ,
ദലിത്, ആദിവാസി, പ്രാദേശിക രാമായണ വിശ്വാസങ്ങളെ കോടതി വിധിയിലൂടെ
മുറിവേല്‍പിച്ചു എന്നുകൂടിയാണ്.
(ലേഖകന്‍, വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള പഠനത്തിന് കാലിക്കറ്റ്
യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്)
No comments:
Post a Comment