X
സംഘ്പരിവാറും രാമായണത്തിന്‍െറ ബഹുസ്വരതയും
ഡോ. അസീസ് തരുവണ
ദല്‍ഹി സര്‍വകലാശാലയുടെ ബി.എ ചരിത്ര പഠന സിലബസില്‍നിന്ന് പ്രമുഖ പണ്ഡിതനും കവിയുമായ എ.കെ. രാമാനുജന്‍െറ ‘ത്രീ ഹണ്‍ഡ്രഡ് രാമായണാസ്: ഫൈവ് എക്സാംപ്ള്‍സ് ആന്‍ഡ് ത്രീ തോട്സ് ഓണ്‍ ട്രാന്‍സ്ലേഷന്‍സ്’ എന്ന പ്രബന്ധം എ.ബി.വി.പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കംചെയ്ത സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ദല്‍ഹി യൂനിവേഴ്സിറ്റിയിലെ അധ്യാപക സംഘടനകളുടെയും ഇടതു-മതേതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം ശക്തിയാര്‍ജിക്കുന്നത്. അക്കാദമിക് കൗണ്‍സില്‍ നടപടിക്കെതിരായ ഓണ്‍ലൈന്‍ ഹരജിയില്‍ പ്രമുഖ ചരിത്രപണ്ഡിതരായ പ്രഫ. റൊമില ഥാപ്പര്‍, പ്രഫ. ബിപിന്‍ ചന്ദ്ര, പ്രഫ. മൃദുലമുഖര്‍ജി തുടങ്ങി ആയിരത്തിലേറെ പേര്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. ഓണ്‍ലൈന്‍ പ്രചാരണത്തിന് വന്‍ പിന്തുണയാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2008ല്‍, ഈ പ്രബന്ധം സിലബസില്‍ ഉള്‍പ്പെടുത്തിയ സന്ദര്‍ഭത്തില്‍ പരിവാര്‍ ശക്തികള്‍ ദല്‍ഹി സര്‍വകലാശാലയില്‍ കലാപമഴിച്ചുവിടുകയുണ്ടായി. ചരിത്രവിഭാഗം മേധാവി എസ്.ഇസെഡ്.എച്ച്. ജാഫരിയെ കൈയേറ്റം ചെയ്യുകയും ഫര്‍ണീച്ചര്‍ നശിപ്പിക്കുകയും ചെയ്തു. അന്ന് അക്കാദമിക് കൗണ്‍സില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഫാഷിസ്റ്റ് സംഘടനകള്‍ പത്തിതാഴ്ത്തുകയാണുണ്ടായത്. രാമാനുജന്‍െറ രാമായണ പഠന പ്രബന്ധം നീക്കം ചെയ്യരുതെന്ന ദല്‍ഹി സര്‍വകലാശാലാ ചരിത്രപഠന വകുപ്പിന്‍െറ ആവശ്യം മാനിക്കാതെ, സംഘ്പരിവാര്‍ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വലിച്ച നടപടി മതേതര ബുദ്ധിജീവികളെയും അക്കാദമിക് വൃത്തങ്ങളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പരിവാര്‍ ശക്തികള്‍ക്ക് ഹിതകരമല്ലാത്ത രാമായണ പാഠങ്ങളെ ആക്രമിക്കുന്നത് ഇതാദ്യമല്ല. 1992ല്‍ ‘സഹ്മതി’ന്‍െറ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട ‘ഹം സബ് അയോധ്യ’ എന്ന പ്രദര്‍ശനം സംഘ്പരിവാര്‍ അലങ്കോലമാക്കുകയുണ്ടായി. പ്രദര്‍ശനത്തില്‍ വെച്ചിരുന്ന ‘ബൗദ്ധ ജാതകകഥ’യില്‍ രാമനും സീതയും സഹോദരീസഹോദരന്മാരാണ് എന്ന പാഠമുള്‍പ്പെട്ടതായിരുന്നു പ്രകോപനഹേതു. വാല്മീകി രാമായണത്തില്‍ നിന്ന് വ്യത്യസ്തമായ പാഠങ്ങള്‍ ഉള്ള രാമായണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൂടാ എന്നതായിരുന്നു സംഘ്പരിവാര്‍ നിലപാട്.
വാല്മീകി രാമായണത്തിനപ്പുറം മറ്റൊന്നും സിലബസില്‍ പാടില്ളെന്നാണ് എ.ബി.വി.പിയുടെ ഇപ്പോഴത്തെ നിലപാട്. ഈ വാദത്തിന് വഴങ്ങിയാണ് അക്കാദമിക് കൗണ്‍സില്‍ രാമാനുജന്‍െറ പ്രബന്ധം പിന്‍വലിച്ചത്. അതിനാല്‍ ഇത് കേവലമൊരു സിലബസ് മാറ്റത്തിന്‍െറ പ്രശ്നമല്ല, മറിച്ച് രാമായണത്തിന്‍െറ എണ്ണിതിട്ടപ്പെടുത്താനാവാത്ത വിധം പ്രചരിച്ച ബഹുസ്വരമായ പാഠങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ്.
ഇപ്പോള്‍ പിന്‍വലിച്ച ലേഖനം, രാമായണത്തിന്‍െറ ബഹുസ്വരതയെപ്പറ്റി എഴുതപ്പെട്ട പ്രൗഢ പഠനങ്ങളിലൊന്നാണ്. 1987ല്‍ പിറ്റ്സ്ബര്‍ഗ് യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധമാണിത്. പൗളാ റിച്ച്മേന്‍ എഡിറ്റു ചെയ്ത ‘പല രാമായണങ്ങള്‍’എന്ന സമാഹാരത്തില്‍ ആമുഖ ലേഖനമായി ഈ പ്രബന്ധം ചേര്‍ത്തിട്ടുണ്ട്. ഈ ലേഖനത്തോടുള്ള പ്രതികരണമാണ് പുസ്തകത്തിലെ മറ്റ് ലേഖനങ്ങള്‍.
ഫാദര്‍ കാമില്‍ ബുല്‍ക്കെയുടെ ‘രാമകഥ: ഉല്‍പത്തി ഓര്‍ വികാസ്’ എന്ന ഗവേഷണ പ്രബന്ധത്തില്‍ മുന്നൂറ് രാമായണങ്ങളെപ്പറ്റി പറയുന്നുണ്ട്. ഇതില്‍ നിന്നാണ് ‘മുന്നൂറ് രാമായണങ്ങള്‍’ എന്ന തലവാചകഭാഗം സ്വീകരിച്ചത് എന്ന് രാമാനുജന്‍ തന്‍െറ പഠനത്തിന്‍െറ അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ‘മുന്നൂറ്’ എന്ന വാദത്തെ ശരിവെക്കുകയല്ല, അതിലേറെ രാമായണ പാഠഭേദങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് രാമാനുജന്‍ ചെയ്യുന്നത്.
അതിനുള്ള ചില ഉദാഹരണങ്ങള്‍ നിരത്തുകയാണ് അദ്ദേഹം ഈ പ്രബന്ധത്തില്‍. രാമാനുജന്‍, ബുല്‍ക്കെയുടെ ‘മുന്നൂറ് രാമായണ’ങ്ങളെപ്പറ്റി ഒരു കന്നട രാമായണപണ്ഡിതനോട് പറഞ്ഞപ്പോള്‍ അദ്ദേഹം കന്നടയില്‍ മാത്രം ആയിരത്തോളം രാമായണത്തിന്‍െറ വ്യത്യസ്ത പാഠങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതായി പറഞ്ഞുവത്രെ. ഒരു തെലുങ്ക് രാമായണ ഗവേഷകനോട് ഇതേകാര്യം പറഞ്ഞപ്പോള്‍, അദ്ദേഹം തെലുങ്ക് പാരമ്പര്യത്തില്‍ ആയിരത്തോളം വാമൊഴി, വരമൊഴി രാമായണ രൂപങ്ങള്‍ ഉള്ളതായി അറിയിച്ചുവത്രെ. ഇത്തരത്തില്‍ ഇന്ത്യയിലെ ഓരോ ഭാഷയിലും ഇന്ത്യക്ക് പുറത്തും രാമായണ പാഠങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ രാമാനുജന്‍ തന്‍െറ പ്രബന്ധം ആരംഭിക്കുന്നത് എത്ര രാമായണങ്ങള്‍? മുന്നൂറോ മൂവായിരമോ? എന്ന ചോദ്യത്തോടെയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തുന്നത് ഹിന്ദിയില്‍ പ്രചാരമുള്ള ഒരു നാടോടിക്കഥ ഉദ്ധരിച്ചാണ്. കഥയുടെ ചുരുക്കം ഇങ്ങനെ: രാമന്‍െറ നഷ്ടപ്പെട്ട മോതിരംകണ്ടെത്താനായി പാതാളത്തിലെത്തിയ ഹനുമാനെ കുറിച്ചാണ് കഥ. പാതാളാധിപനും പ്രേതാത്മാക്കളുടെ രാജാവും ചേര്‍ന്ന് ഒരു താലത്തില്‍ അനേകം മോതിരങ്ങള്‍ ഹനുമാനു മുമ്പില്‍ വെക്കുന്നു. അവയെല്ലാം രാമന്‍േറതായിരുന്നു. ഹനുമാന്‍ ആകെ കുഴങ്ങി. അപ്പോള്‍ പ്രേതാത്മാക്കളുടെ രാജാവ് ഇങ്ങനെ പറഞ്ഞു: ‘എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. രാമന്‍െറ ഒരവതാരം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്‍െറ മോതിരം ഊരിപോകും. ഞാനവയെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയായിരുന്നു.‘ തന്‍െറ രാമന്‍െറ മോതിരം തെരഞ്ഞെടുത്തുകൊള്ളാന്‍ ഹനുമാനോട് പ്രേതാത്മാവ് ആവശ്യപ്പെട്ടു. ഒപ്പം ലവകുശന്മാരെ രാജ്യഭാരമേല്‍പിച്ച് ഹനുമാന്‍, രാമന്‍ സരയൂവില്‍ പ്രവേശിച്ചുകഴിഞ്ഞു എന്നും അറിയിച്ചു’. രാമന്‍െറ മോതിരങ്ങള്‍ പോലെ, അനേകം രാമന്മാരുണ്ട്. വരമൊഴിയിലെന്ന പോലെ വാമൊഴിയിലും രാമായണ(പാഠ)ങ്ങള്‍ അനവധിയുണ്ടെന്ന് രാമാനുജന്‍ തന്‍െറ പ്രബന്ധത്തില്‍ സമര്‍ഥിക്കുന്നു. രാമായണത്തിന്‍െറ ബഹുസ്വരത എന്നത് രാമാനുജന്‍െറയോ ബുല്‍ക്കെയുടെയോ പുതിയ കണ്ടെത്തലല്ല; ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. തുളസീദാസ്, ‘രാമചരിത മാനസ’ത്തില്‍ പറയുന്നത്, ‘രാമന്‍ എണ്ണമറ്റ രീതിയില്‍ ജനിക്കുന്നു, അതിനാല്‍ അനേകദശലക്ഷം രാമായണങ്ങള്‍ ഉണ്ട് എന്നാണ്. (Rama is born in countless ways, And there are tens of millions of Ramayanas... (Ramacharitha manas 1:33:6) ഒരേസമയം രാമായണകഥ വ്യത്യസ്ത പാഠങ്ങളായി പ്രചരിക്കുന്നതിനെപ്പറ്റി തമിഴിലെ ‘കമ്പ രാമായണ’വും പ്രതിപാദിക്കുന്നുണ്ട്. (It spreads, ceaselessly various, one and many at once-Kampan) എഴുത്തച്ഛന്‍െറ ‘ആധ്യാത്മരാമായണ’വും രാമായണത്തിന്‍െറ ബഹുസ്വരതയെ അംഗീകരിക്കുന്നുണ്ട്. അയോധ്യാകാണ്ഡത്തില്‍ ഒരു രംഗമുണ്ട്. സീത രാമനോടൊത്ത് വനവാസത്തിന് പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്. വനത്തില്‍ ദീര്‍ഘകാലം വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും സീതയെ പിന്തിരിപ്പിക്കുന്നില്ല. ഒടുവില്‍ സീത ഇങ്ങനെ വാദിക്കുന്നു: ‘പല കവികള്‍ രചിച്ച രാമായണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അവയില്‍ ഏതിലെങ്കിലും രാമന്‍ സീതയെ കൂടാതെ വനവാസത്തിന് പോയിട്ടുണ്ടോ? (രാമായണങ്ങള്‍ പലവും കവിവര/രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടുഞാന്‍/ജാനകിയോടു കൂടാതെ രഘുവരന്‍/കാനന വാസത്തിനെന്നു പോയിട്ടുള്ളൂ’) അതിനാല്‍ രാമായണത്തിന്‍െറ ബഹുസ്വരത എന്ന യാഥാര്‍ഥ്യത്തെ തിരസ്ക്കരിക്കാനോ തമസ്കരിക്കാനോ ആര്‍ക്കും സാധ്യമല്ല. ‘രാമായണം’ അല്ല, രാമായണങ്ങള്‍ ആണ് ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലുമുള്ളത്. സംഘ്പരിവാര്‍ രാമായണത്തിന്‍െറ ഒരു പാഠം മാത്രം ഉയര്‍ത്തിക്കാട്ടുകയും മറ്റനേകം പാഠങ്ങളെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലെയും രാമായണത്തിന്‍െറ വ്യത്യസ്ത പാഠങ്ങള്‍ നിലനില്‍ക്കുന്ന മറ്റു ഏഷ്യന്‍ രാജ്യങ്ങളിലെയും വിശ്വാസങ്ങളെയും സങ്കല്‍പങ്ങളെയും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെയുമാണ് ആക്രമിക്കുന്നത്. ജൈന രാമായണം അനുസരിച്ച് സീത രാവണപുത്രിയാണ് എന്ന പാഠം രാമാനുജന്‍െറ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിക്കുന്ന ഒരു ഘടകം. വിമലാസുരി രചിച്ച ‘പഉമചരിയം’ എന്ന ജൈന മതസ്ഥരുടെ രാമായണ പാഠത്തെ വിശകലനം ചെയ്യുന്ന ഒന്നാമത്തെ പഠനമൊന്നുമല്ല രാമാനുജന്‍േറത്. ‘പഉമചരിയം’ അനുസരിച്ച് രാമനും ലക്ഷ്മണനും രാവണനും ജൈനമതാവലംബികളാണ്. അവരുടെ ത്രിഷഷ്ടി മഹാ പുരുഷന്മാരില്‍പെട്ടവരാണ്. സീത രാവണ പുത്രിയാണെന്ന പാഠം വിമലാ സുരിയുടെ രാമായണത്തില്‍ മാത്രമല്ല, നിരവധി പ്രബല രാമായണ പാഠങ്ങളില്‍ കാണാം. ഇന്ത്യക്ക് വെളിയില്‍ രാമകഥ പ്രചാരത്തിലുള്ള തിബത്ത്, ഇന്തോനേഷ്യ, സയാം, കിഴക്കന്‍ തുര്‍ക്കിസ്താന്‍ (ഖോത്താന്‍) തുടങ്ങിയ രാജ്യങ്ങളിലെ രാമായണ പാഠങ്ങള്‍ പ്രകാരവും സീത രാവണ പുത്രിയാണ്. ബംഗാളിലെ പ്രസിദ്ധമായ ‘ചന്ദ്രിബതി രാമായണ’മനുസരിച്ച് സീത മണ്ഡോദരിക്ക് ജനിച്ചവളാണ്. രാമഗൗഡരും സഹായികളും ചേര്‍ന്ന് ശേഖരിച്ച ഒരു കന്നട നാടോടിപ്പാട്ടില്‍ സീത രാവണന്‍െറ മകളാണ്. എന്നാല്‍, സീതയെ ഗര്‍ഭം ധരിക്കുന്നത് മണ്ഡോദരിയല്ല, രാവണന്‍ തന്നെയാണ്. ശിവന്‍ നല്‍കിയ ദിവ്യമാമ്പഴം ആര്‍ത്തിയോടെ ഭക്ഷിച്ചതു നിമിത്തമാണ് രാവണന്‍ ഗര്‍ഭം ധരിക്കുന്നത്. രാവണന്‍െറ ഗര്‍ഭത്തിന്‍െറ ക്രമാനുഗതമായ വളര്‍ച്ച. ഒമ്പതുമാസത്തെ വേദനയുടെയും നാണക്കേടിന്‍െറയും അവസാനം വയറ്റാട്ടികളെ അമ്പരിപ്പിച്ചുകൊണ്ട് തുമ്മലിലൂടെ പുറത്തുവരുന്ന സീത. തുടങ്ങിയ വിശദാംശങ്ങളെല്ലാം അതിലുണ്ട്. ഈ കഥയനുസരിച്ച് രാവണന്‍ സ്വപുത്രിയെ കാമിക്കുന്ന ദുഷ്ടനാണ്. (വയലാറിന്‍െറ ‘രാവണപുത്രി’ എന്ന കവിത ഏറെ പ്രസിദ്ധമാണ്.) വാല്മീകി രാമായണത്തിന്‍െറ മൂലരൂപമെന്ന് ഡോ.വെബര്‍ മുതല്‍ ദിനേശചന്ദ്രസേനന്‍ വരെയുള്ള നിരവധി രാമായണ ഗവേഷകര്‍ അഭിപ്രായപ്പെട്ട ബൗദ്ധരുടെ ‘ദശരഥ ജാതക പ്രകാരം സീത ദശരഥന്‍െറ പുത്രിയാണ്. മറ്റൊരു രീതില്‍ പറഞ്ഞാല്‍ ശ്രീരാമന്‍െറ സഹോദരി. ഈ കൃതി പ്രകാരം ദശരഥന്‍െറ രാജധാനി അയോധ്യയിലല്ല; വാരാണസിയിലാണ്. (വാല്മീകി രാമായണത്തില്‍ ശ്രീബുദ്ധനെക്കുറിച്ച് ഒരു പ്രാവശ്യം മാത്രമാണ് പരാമര്‍ശിക്കുന്നത്. ജാബാലി വൃത്താന്തത്തില്‍ ‘ബുദ്ധന്‍ കള്ളനും നാസ്തികനുമാണെന്ന് രാമന്‍ പറയുന്നു.’ ‘യഥാഹി ചോരഃ സതഥാഹി ബുദ്ധസ്തഥാഗതം നാസ്തിക മത്ര വിദ്ധി’ (രാ. 2 , 109, 34). ഈ ‘കള്ളന്‍’ വിളിക്കെതിരെ ബുദ്ധിസ്റ്റ്കള്‍ ഇതേവരെ പ്രതിഷേധിച്ചതായി കേട്ടിട്ടില്ല. മഹാത്മാ ബുദ്ധനെ ചോരനായി ചിത്രീകരിക്കുന്ന ഈ കൃതി കണ്ടുകെട്ടണം എന്ന് ആവശ്യപ്പെട്ട് ഒരു യൂനിവേഴ്സിറ്റിയിലും അവര്‍ കലാപം അഴിച്ചുവിട്ടിട്ടില്ല!. സീതയുടെ ജനനത്തെപ്പറ്റിയുള്ള ഒരു പാഠത്തിനെതിരെ കലാപം നയിക്കുന്നവര്‍ മറന്നുപോകുന്ന ഒരു വസ്തുത സീതയുടെ ജീവിതത്തിലെ ഓരോ സംഭവവും തീര്‍പ്പുകല്‍പിക്കാനാവാത്തവിധം വിരുദ്ധ പാഠങ്ങളാല്‍ ബഹുസ്വരവും സമ്പന്നവുമാണെന്നതാണ്. സീതയുടെ ജനനം, വളര്‍ച്ച, വിവാഹം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടവും ഭിന്നരൂപത്തിലാണ് വാമൊഴി, വരമൊഴി രാമായണങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. സീത രാമന്‍െറ മാത്രം ഭാര്യയാണെന്ന പാഠത്തെ പോലും ചോദ്യംചെയ്യുന്ന രാമായണ കഥകളുണ്ട്. പഴയ ടര്‍ക്കിസ്താന്‍െറ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന ഖോത്താന്‍ പ്രദേശത്തെ രാമായണമനുസരിച്ച് രാമന്‍െറയും ലക്ഷ്മണന്‍െറയും ഭാര്യയാണ് സീത. ബഹുഭര്‍തൃത്വം നിലനില്‍ക്കുന്ന ഖോത്താന്‍ വാസികള്‍ ഈ സമ്പ്രദായത്തെ സാധൂകരിക്കുന്നത് സീതയുടെ ബഹുഭര്‍തൃത്വ പാഠത്തെ മുന്‍നിര്‍ത്തിയാണ്. ചുരുക്കത്തില്‍ രാമഭക്തിക്കപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളാണ് രാമായണ പാഠാന്തരങ്ങളെ ആക്രമിക്കുന്നതിനു പിന്നിലെ സംഘ്പരിവാര്‍ ലക്ഷ്യം. വിവിധ രാമായണങ്ങള്‍ മുന്നോട്ടുവെക്കുന്ന ബഹുസ്വരമായ പാഠരൂപങ്ങള്‍ തങ്ങളുടെ സങ്കുചിത വാദങ്ങളെയും ലക്ഷ്യങ്ങളെയും തകര്‍ക്കുമെന്ന് പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ക്കറിയാം. അയോധ്യ, രാമസേതു തുടങ്ങിയ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ ബഹുസ്വരതകള്‍- ‘രാമായണങ്ങള്‍’- തകര്‍ക്കുമെന്നും ‘രാഷ്ട്രീയ രാമന്‍’ എന്ന പുതുമിത്തിനെ അവ ചോദ്യം ചെയ്യുമെന്നും അവര്‍ ഭയപ്പെടുന്നു. റൊമില ഥാപ്പര്‍ മുതല്‍ കെ.എന്‍.പണിക്കര്‍ വരെയുള്ള ചരിത്ര പണ്ഡിതര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയ വസ്തുതയാണിത്. ‘ടെലിവിഷന്‍ രാമായണം’ ലഘു ആഖ്യാനങ്ങള്‍ക്കുമേല്‍ നടത്തിയ കടന്നാക്രമണത്തെ വിലയിരുത്തികൊണ്ട് റൊമില ഥാപ്പര്‍ എഴുതിയ ‘രാമായണ സിന്‍ട്രം’ എന്ന പ്രബന്ധത്തില്‍ രാമായണത്തെ പരിവാര്‍ ശക്തികള്‍ ഉപയോഗപ്പെടുത്തുന്ന വിധം വിശകലനം ചെയ്യുന്നുണ്ട്. സര്‍വകലാശാല തലത്തില്‍ പോലും രാമായണ പാഠഭേദങ്ങളെ പറ്റി പഠിപ്പിക്കുന്നതിനെ ഭയക്കുന്നവര്‍ രാമായണ സംബന്ധിയായ ഗവേഷണങ്ങളെയും തടയാനുള്ള സാധ്യതകള്‍ വിദൂരമല്ല. അതിനാല്‍ ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ഒരു സിലബസ് മാറ്റത്തിനെതിരെയുള്ള സമരമായി ചുരുക്കുന്നത് ശരിയല്ല; മറിച്ച് ഇന്ത്യയുടെ ബഹുസ്വരമായ പാരമ്പര്യ സംരക്ഷണത്തിനുള്ള മതേതര പ്രസ്ഥാനങ്ങളുടെ ജനാധിപത്യ പോരാട്ടമായി കാണേണ്ടതുണ്ട്.
(madhyamam daily-4.11.2011)
1 comment:
nice article
i was happened to reaad this while my search for the same
thank u sir
Post a Comment