05 November, 2007

സഭയുടെ അരമനകളും തെമ്മാടിക്കുഴികളും

പുരോഹിതന്മാരെ, പുറമെ കുമ്മായം തേച്ചു മനോഹരമാക്കുകയും അകമെ ചീഞ്ഞുനാറുകയും ചെയ്യുന്ന ശവക്കല്ലറയോടുപമിക്കുന്നുണ്ട്‌ ബൈബിള്‍. അവര്‍ കടുക്‌ ചോരുന്നതറിയുന്നു; ഒട്ടകം ചോരുന്നതറിയുന്നില്ല എന്നും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. മതത്തില്‍ അന്ധവിശ്വാസത്തിന്‍െറയും അനാചാരത്തിന്‍െറയും ചൂഷണത്തിന്‍െറയും ചെക്‌പോസ്‌റ്റുകള്‍ സ്ഥാപിച്ചു വിശ്വാസികളെ കൊള്ളയടിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ഇത്‌ എല്ലാ പുരോഹിതന്മാരെക്കുറിച്ചുമുള്ള സാമാന്യവല്‍ക്കരണമല്ല. എന്നാല്‍ അവരില്‍ ചിലര്‍ക്കെതിരേയുള്ള സാക്ഷ്യപത്രമാണ്‌. ഫാ. ഡാമിയന്‍ മുതല്‍ മദര്‍ തെരേസ വരെയും ലാറ്റിനമേരിക്കയിലെ വിമോചന ദൈവശാസ്‌ത്രകാരന്മാര്‍ തൊട്ട്‌ എ കെ ജിയോടൊപ്പം തോളുരുമ്മി പ്രവര്‍ത്തിച്ച ഫാ. വടക്കനും ഇ എം എസിനോടൊപ്പം സഹകരിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച ഫാ. പൗലോസ്‌ മാര്‍ പൗലോസും ഈ ബൈബിള്‍ വിശേഷണത്തിനു പുറത്താണ്‌. ഉല്‍കൃഷ്‌ടരുടെ ഒരു നീണ്ട നിരതന്നെയുള്ളപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ശവക്കല്ലറകളായ പുരോഹിതന്മാരെ തേടി എന്തിനു പോവണം. അല്ലേ? പിണറായി സഖാവിന്റെ `നികൃഷ്ട'വിശേഷണം വന്നശേഷം അങ്ങനെ വല്ലവനും കേരള പുരോഹിതന്മാരിലുണ്ടോ എന്നൊരന്വേഷണത്തിനു ചില വിരുതന്മാര്‍ വിവരാവകാശനിയമം കൈയിലെടുത്തു. പിണറായി വിജയന്റെ പ്രയോഗം അര്‍ഥംവച്ചുള്ളതായിരുന്നുവോ എന്നു സംശയിക്കാവുന്ന തരത്തിലാണു സംസ്ഥാന പോലിസ്‌ അവര്‍ക്കു നല്‍കിയ കണക്കുകള്‍.കേരളത്തിലെ ക്രൈസ്‌തവ പുരോഹിതന്മാരില്‍ അറുപതിലേറെ പേര്‍ ക്വട്ടേഷന്‍ കൊലയാളികളെയും സാദാ തെരുവുഗുണ്ടകളെയും മറികടക്കുന്നവരാണെന്നാണു വിവരം. കൊലപാതകം, ബലാല്‍സംഗം, മാനഭംഗം, തട്ടിക്കൊണ്ടുപോവല്‍, ഭവനഭേദനം, മോഷണം, വഞ്ചനക്കുറ്റം, അനാശാസ്യ പ്രവര്‍ത്തനം, അക്രമം, വധശ്രമം തുടങ്ങിയവയാണ്‌ ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍. സ്വവര്‍ഗരതി, ബാല ലൈംഗികപീഡനം തുടങ്ങിയ ഇനങ്ങള്‍ അമേരിക്കയിലെയും മറ്റു ചില പാശ്ചാത്യരാജ്യങ്ങളിലെയും അച്ചന്മാര്‍ ചെയ്‌ത കുറ്റകൃത്യങ്ങളില്‍പ്പെടാറുണ്ട്‌. ഭാഗ്യത്തിന്‌ ആ രണ്ടു വകകളിലും കേരളത്തില്‍ പിടിക്കപ്പെട്ടിട്ടില്ല.ഇങ്ങനെയാണു കക്ഷിനില: ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെട്ടവര്‍ അഞ്ചുപേര്‍. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോസ്‌ തടത്തില്‍, തെരുവുക്കരക്കല്‍ സി.എസ്‌.ഐ ചര്‍ച്ച്‌ വികാരി ടി ജെ ജോയ്‌ എന്നിവര്‍ പ്രസ്‌തുത കേസില്‍ ഉള്‍പ്പെട്ടവരാണ്‌. ധ്യാനകേന്ദ്രത്തിലെ വയോള സിസ്‌റ്ററും നിര്‍മല സിസ്‌റ്ററും ഈ കേസിലെ പ്രതികളാണ്‌. വൈദികരായ മാത്യു ജേക്കബ്‌, ബാബു ചിറക്കാപൂര്‍, ഇ ടി ജോണ്‍സണ്‍, കെ പി മത്തായി, ജോയ്‌ ടി വര്‍ഗീസ്‌, ജിജു വര്‍ഗീസ്‌, റജി എന്നിവര്‍ക്കെതിരേയുള്ള കേസ്‌ വധശ്രമമാണ്‌.കൊട്ടാരക്കര സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഫാ. ഐസക്‌ തോമസ്‌ മോഷണക്കേസില്‍ പ്രതിയാണ്‌. എടങ്ങനാട്ടുകര ഫാ. പോള്‍ വിളങ്ങുപാറയ്‌ക്കെതിരേയുള്ള കേസ്‌ സ്‌ത്രീപീഡനം, തട്ടിക്കൊണ്ടുപോവല്‍ എന്നിവയാണ്‌. എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി വികാരി ഫാ. തോമസിനെതിരേയുള്ള കുറ്റം സ്‌ത്രീപീഡനമാണ്‌. നീണ്ടകര ഫാ. ജോസഫ്‌ ചെയ്‌ത കുറ്റം അനാശാസ്യവും. ആറ്റിങ്ങല്‍ പോലിസ്‌ സ്‌റ്റേഷനിലാണു ജോസഫിനെതിരേയുള്ള കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിലെ ഒരു പള്ളിവികാരിക്കെതിരേ ചാര്‍ജ്‌ ചെയ്‌ത കേസ്‌ മാനഭംഗമാണ്‌. എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. തോമസ്‌ പോത്തനാമുഴി, മാനേജര്‍ ഫാ. തോമസ്‌ കിഴക്കേടത്ത്‌, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഔസേഫ്‌ എന്നിവര്‍ ഉള്‍പ്പെട്ട കേസ്‌ വഞ്ചനയാണ്‌. സ്‌ഫോടകവസ്‌തു നിരോധന നിയമപ്രകാരമാണ്‌ പാവറട്ടി സെന്റ്‌ ജോസഫ്‌സ്‌ പള്ളി വികാരി ഫാ. പോള്‍ പയ്യപ്പള്ളി പിടിക്കപ്പെട്ടത്‌. ലിസ്റ്റ്‌ ഇനിയും ഒരുപാടു നീളും. സിസ്റ്റര്‍ അഭയാ കേസ്‌ അടക്കമുള്ള തെളിയിക്കാത്തതും തെളിയിക്കുന്നതിനെ തടയുന്നതുമായവ ഇതിനു പുറത്താണ്‌.സംശയമതല്ല; `നികൃഷ്ടം' എന്നൊരു പ്രയോഗം, കള്ളംപറഞ്ഞ ഒരു അച്ചനെതിരേ സഖാവ്‌ പിണറായി പ്രയോഗിച്ചപ്പോഴേക്കും പന്തംകൊളുത്തി പ്രകടനം നടത്തുകയും കലാലയങ്ങള്‍ അടച്ചുപൂട്ടുകയും കമ്മ്യൂണിസത്തിന്റെ അന്ത്യകൂദാശ നടത്തുമെന്നു ഫലിതം പറയുകയും ചെയ്‌ത അച്ചന്മാരും വല്യച്ചന്മാരും മുകളില്‍ പറഞ്ഞ ക്രിമിനല്‍ അച്ചന്മാര്‍ക്കെതിരേ എന്തു ചെയ്‌തു? അന്ത്യകൂദാശ (വിശ്വാസിയല്ലാത്തവര്‍ക്കു പോലും) അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ നല്‍കിയും സ്വര്‍ഗരാജ്യത്തില്‍ സീറ്റുറപ്പിക്കുന്ന, ദൈവത്തിനും വിശ്വാസിക്കുമിടയിലെ ഇടയാളന്മാരായി പ്രവര്‍ത്തിക്കുന്ന അച്ചന്മാര്‍ ഈ നിലയില്‍ പെരുമാറുമ്പോള്‍ അവരെ തിരുത്താന്‍ എന്തേ ഒരിടയലേഖനവും പുറപ്പെടീക്കുന്നില്ല? എം പി പോള്‍ അടക്കമുള്ള മഹാന്മാരായ പല കലാകാരന്മാരെയും തെമ്മാടിക്കുഴികളില്‍ അടക്കുകയോ പള്ളിയില്‍ കയറ്റാതിരിക്കുകയോ ചെയ്‌ത പാരമ്പര്യം കേരളത്തിലെ ക്രൈസ്‌തവ പൗരോഹിത്യത്തിനുണ്ട്‌. പിന്നീടവരെ വിശുദ്ധന്മാരാക്കുന്ന പരിപാടി ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്‌. ജീവിക്കുന്ന കാലത്ത്‌ എതിര്‍ക്കുകയും കൊല്ലപ്പെട്ടപ്പോള്‍ തള്ളിപ്പറയുകയും ചെയ്‌ത നക്‌സലൈറ്റ്‌ വര്‍ഗീസിനെപോലും ഇപ്പോള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്‌ ഉദാഹരണമാണ്‌. തെമ്മാടിക്കുഴിയില്‍ അടക്കേണ്ടവര്‍ ഇപ്പോള്‍ അരമനകളില്‍ അന്തിയുറങ്ങുന്ന ചിലരാണെന്ന സത്യം എന്നാണാവോ തിരുസഭ മനസ്സിലാക്കുക?

No comments: