14 November, 2007

പാപനാശിനീ, കരയരുത്‌(A journalistic investigation report)

ഗര്‍ഭിണികളായ സ്‌ത്രീകളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കല്‍ ഞങ്ങളുടെ ഡിപാര്‍ട്ട്‌മെന്റിന്റെ ചുമതലയാണ്‌. വിവരം കിട്ടിയാല്‍ ഞാനും ജൂനിയര്‍ നഴ്‌സും ചെന്ന്‌ കാര്യങ്ങള്‍ ശേഖരിക്കും. അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുക്കും. അങ്ങനെയാണ്‌ മുത്ത എന്ന ആദിവാസി സ്‌ത്രീ അവിഹിതഗര്‍ഭം ധരിച്ചതായി എനിക്കു വിവരം കിട്ടിയത്‌. ഞാനും നഴ്‌സും അവരുടെ വീട്ടില്‍ ചെന്നു വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ മുത്ത `ആരാ നിങ്ങളോടിതു പറഞ്ഞത്‌? നിങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലേ...?' എന്നൊക്കെ ചോദിച്ചു തട്ടിക്കയറി. ഉടമസ്ഥ സ്ഥിരീകരിക്കാത്തതിനാല്‍ ഗര്‍ഭിണിയായി അവരെ രജിസ്‌റ്ററില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.
എന്നാല്‍ മുത്തയുടെ വിവരങ്ങള്‍ അയല്‍വാസികള്‍ മുഖേന ഞങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്നു. മുത്ത പ്രസവിച്ച ദിവസം ഞാനും നഴ്‌സും ചെന്ന്‌ അന്വേഷിച്ചപ്പോള്‍ കുട്ടിയെ കാണാനില്ല. കുട്ടിയെ എന്താണ്‌ ചെയ്‌തതെന്നു പലര്‍ക്കും അറിയാമായിരുന്നു. പേടി കാരണം ആരും പറഞ്ഞില്ല. ഞങ്ങള്‍ എല്ലായിടവും പരതിനോക്കി. ഒരു തുമ്പും കിട്ടിയില്ല. രാത്രിയായിരുന്നു പ്രസവമെന്നും പ്രസവിച്ചയുടനെ ശ്വാസംമുട്ടിച്ചു കുഞ്ഞിനെ കൊന്ന്‌, പിറ്റേന്ന്‌ ഉച്ചക്ക്‌ പന്ത്രണ്ടുമണി വരെ ചാക്കില്‍ക്കെട്ടി അടുപ്പിനു സമീപം വച്ചിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. അതിനുശേഷം തിരുനെല്ലിയിലെ കാളിന്ദി നദിയില്‍ ഒഴുക്കുകയായിരുന്നത്രേ.''
തിരുനെല്ലിയിലെ സാമൂഹികപ്രവര്‍ത്തകയും അംഗന്‍വാടി ടീച്ചറുമായ ലക്ഷ്‌മിക്കുട്ടി താന്‍ സാക്ഷ്യം വഹിച്ച ശിശുഹത്യയുടെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു.
``തിരുനെല്ലിക്കാരിയായ കാളി ഗര്‍ഭിണിയായത്‌കുടകിലെഇഞ്ചിപ്പണിസ്ഥലത്തുവച്ചാണ്‌. ജോലിസമയത്തു നൈറ്റി ധരിക്കുന്നതിനാല്‍ ഗര്‍ഭാവസ്ഥ പലര്‍ക്കും മനസ്സിലായിരുന്നില്ല. സഹജോലിക്കാര്‍ സംഭവം അറിയാതിരിക്കാന്‍ വേണ്ടി എല്ലാവരെയും പോലെ അവര്‍ പണിയെടുത്തു. ഇടയ്‌ക്കു വീട്ടില്‍ വന്നു തിരിച്ചുപോവുമ്പോള്‍ കാളി പൂര്‍ണഗര്‍ഭിണിയായിരുന്നു. ബസില്‍ സീറ്റ്‌ പോലും കിട്ടാതെയാണ്‌ കുടകിലേക്കവര്‍ യാത്ര ചെയ്‌തത്‌. കടുത്ത വയറുവേദനയുമുണ്ടായിരുന്നു. മുഖം അങ്ങേയറ്റം വിളറി, അവശയായിരുന്നു. എന്നിട്ടും അപമാനഭാരത്താല്‍ അവള്‍ അതെല്ലാം കടിച്ചമര്‍ത്തി. കുടകിലെത്തിയശേഷം പ്രസവവേദന കലശലാവുന്നതുവരെ സഹജോലിക്കാരോടൊപ്പം ജോലി ചെയ്‌തു. അവസാനം പുഴവക്കില്‍ ചെന്നു പ്രസവിച്ചു. പ്രസവിച്ചയുടനെ കുട്ടിയെ ശ്വാസം മുട്ടിച്ചു. ബോധമറ്റ കുട്ടിയെ മരിച്ചുവെന്ന ധാരണയില്‍ പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു പുഴവക്കത്തു സൂക്ഷിച്ചു. ഏറെ വൈകും മുമ്പ്‌ സഹജോലിക്കാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയില്‍ അവസാനശ്വാസം ബാക്കിയുണ്ടായിരുന്നു. എന്നാല്‍, അപ്പോഴേക്കും ശിശുവിന്റെ ചുണ്ടും കവിളുമടക്കം ഞണ്ടുകള്‍ തിന്നുകഴിഞ്ഞിരുന്നു.'
'തെക്കന്‍ കാശിയെന്നറിയപ്പെടുന്ന, ഹൈന്ദവര്‍ പാപങ്ങള്‍ കഴുകിക്കളയുമെന്നു വിശ്വസിക്കുന്ന പാപനാശിനി ഒഴുകുന്ന തിരുനെല്ലിയില്‍ ഇവയൊന്നും ഒറ്റപ്പെട്ട സംഭവമല്ല. തനിക്കറിയാവുന്ന ഈ കൊടുംക്രൂരമായ ശിശുഹത്യയുടെ ഞെട്ടിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ലക്ഷ്‌മിക്കുട്ടി ടീച്ചര്‍ വിവരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മാത്രം ഇത്തരത്തിലുള്ള ഏഴോളം ശിശുഹത്യകള്‍ നടന്നതായി അന്വേഷണത്തില്‍ വ്യക്തമാവുന്നു.
അവിവാഹിതരായ ആദിവാസി അമ്മമാര്‍ ജനിച്ചയുടനെ ശിശുക്കളെ കൊല്ലാന്‍ ആരംഭിച്ചത്‌ 1998 തൊട്ടാണത്രേ. ഡി.എന്‍.എ പരിശോധനയിലൂടെ കാരണക്കാരായ തങ്ങളെ കണ്ടെത്തുമെന്ന ഭയത്താല്‍ കേസില്‍ നിന്നും രക്ഷനേടാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതു മൂലമാണ്‌ നിരക്ഷരരും നിഷ്‌കളങ്കരും നിരാശ്രയരുമായ കാടിന്റെ മക്കള്‍ ഈ കൊടുംപാപം ചെയ്യുന്നത്‌. ശിശുഹത്യയുടെ ആഘാതമാവട്ടെ, അവരുടെ ജീവിതത്തെ താളംതെറ്റിക്കുകയും പാപഭാരത്താല്‍ കലുഷമാക്കുകയും ചെയ്യുന്നു.
ശിശുഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തത്‌ ചൂഷകര്‍ക്കു കൂടുതല്‍ ബലം നല്‍കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
അവിവാഹിതരായ അമ്മമാരുടെ പഞ്ചായത്ത്‌
27,450 ആണ്‌ തിരുനെല്ലി പഞ്ചായത്തിലെ ജനസംഖ്യ. 11,178 പേര്‍ ആദിവാസികളാണ്‌. ഇതില്‍ ആറായിരത്തിനു ചുവടെ മാത്രമാണ്‌ സ്‌ത്രീ ജനസംഖ്യ. കുട്ടികളെയും വൃദ്ധകളെയും മാറ്റിനിര്‍ത്തിയാല്‍ പ്രസവശേഷിയുള്ള സ്‌ത്രീകള്‍ നാലായിരത്തിനു ചുവടെ മാത്രമേ കാണൂ. ഔദ്യോഗിക കണക്കുപ്രകാരം ഇതില്‍ 214 പേര്‍ അവിവാഹിതരായ അമ്മമാരാണ്‌. അനൗദ്യോഗിക കണക്കുപ്രകാരം ഇവരുടെ എണ്ണം അഞ്ഞൂറോളമാണ്‌.
1997ല്‍ നിയമസഭാ കമ്മിറ്റി അവിവാഹിതരായ അമ്മമാരെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഈ പഞ്ചായത്തില്‍ നിന്ന്‌ 102 കേസുകളാണ്‌ റിപോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നത്‌. ജില്ലയില്‍ മൊത്തം 400ല്‍ അധികവും. എന്നാല്‍, ഏറ്റവുമൊടുവില്‍ `ആള്‍ ഇന്ത്യാ സര്‍ഫിഷന്‍ ഓഫ്‌ ട്രൈബല്‍ പീപ്പ്‌ള്‍ ഫോര്‍ സോഷ്യല്‍ ജസ്‌റ്റിസ്‌ നാഷനല്‍ കമ്മിറ്റി' നടത്തിയ പഠനത്തില്‍ വയനാട്‌ ജില്ലയില്‍ മൊത്തമായി മൂവായിരത്തിലേറെ അവിവാഹിതരായ ആദിവാസി അമ്മമാരുണ്ടെന്നു കണ്ടെത്തുകയുണ്ടായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അവിവാഹിത അമ്മമാരുള്ളതാവട്ടെ തിരുനെല്ലി പഞ്ചായത്തിലും.
അടിയര്‍, പണിയര്‍, കുറിച്യര്‍, കാട്ടുനായ്‌ക്കര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലാണ്‌ അപമാനം പേറി ജീവിതം തള്ളിനീക്കുന്ന, അവിവാഹിത അമ്മമാരെ കണ്ടുവരുന്നത്‌. ഇതില്‍ അടിയന്‍മാര്‍ക്കിടയിലാണ്‌ ഏറ്റവും കൂടുതല്‍ `പിതൃശൂന്യ' കുട്ടികള്‍ക്കു ജന്മം നല്‍കേണ്ടിവന്ന ഹതഭാഗ്യരുള്ളത്‌. തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മാത്രം എഴുപതിലേറെയാണ്‌ അവിവാഹിത അമ്മമാരുടെ സംഖ്യ. കുടുംബത്തിലും സമൂഹത്തിലും അപമാനവും പരിഹാസവും സഹിക്കേണ്ടിവരുന്ന ഈ സ്‌ത്രീകളും പിതൃശൂന്യരായ കുട്ടികളും സമൂഹത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുകയാണ്‌.
ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം എഴുപതിലേറെ അവിവാഹിതരായ അമ്മമാരുണ്ടാകുമ്പോള്‍, ഇവിടെ ആദിവാസി എന്ന സമൂഹം തന്നെ സങ്കരവര്‍ഗമായി പതുക്കെ മാറുകയാണെന്ന യാഥാര്‍ഥ്യം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌. ഒരര്‍ഥത്തില്‍ ഇതു വംശഹത്യയ്‌ക്കു തുല്യമാണ്‌. 1975ലെ അടിമത്തനിരോധനത്തിനു മുമ്പ്‌ ഏതൊരു ജന്മിക്കും ഭൂവുടമയ്‌ക്കും ഇഷ്‌ടംപോലെ ഭോഗിക്കാന്‍ കഴിഞ്ഞിരുന്ന, ചോദ്യം ചെയ്യാനാളില്ലാത്ത ഒരു സമൂഹമായിരുന്നു ഇവരുടേത്‌. കാപ്പിത്തോട്ടങ്ങളിലും ഒക്കല്‍ക്കളങ്ങളിലും വച്ച്‌ മേലാളന്റെ ഇംഗിതത്തിനു വഴങ്ങി തമ്പുരാന്‍കുഞ്ഞിന്‌ അടിമക്കൂരയില്‍ ജന്മം നല്‍കാന്‍ വിധിക്കപ്പെട്ടിരുന്നു ഇവര്‍. തൊടീലും അയിത്തവും മറന്ന്‌ തമ്പുരാനും അടിമയും ഒന്നാവുന്ന നിമിഷങ്ങള്‍! തന്റേതെന്നു തിരിച്ചറിഞ്ഞിട്ടും സ്വന്തം മക്കളെ അടിമപ്പണിയെടുപ്പിക്കുന്ന ക്രൂരതയെക്കുറിച്ച്‌ കെ ജെ ബേബി `മാവേലിമന്റ'ത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌.
പ്രതികള്‍
‍തിരുനെല്ലിയിലെ ലക്ഷ്‌മി എന്ന ആദിവാസി അവിവാഹിത അമ്മയ്‌ക്ക്‌ അഞ്ചു മക്കളുണ്ട്‌. ഓരോ കുട്ടിക്കും ഓരോ പിതാവ്‌! പ്രതികളെല്ലാം സമൂഹത്തിലെ മാന്യന്മാര്‍! ഇവിടെത്തന്നെയുള്ള മാര എന്ന സ്‌ത്രീക്കു മൂന്നു മക്കളാണുള്ളത്‌. പ്രതികള്‍ തദ്ദേശവാസികള്‍ തന്നെയാണത്രേ. ഒന്നിലേറെ പിതൃശൂന്യ മക്കളുള്ള അവിവാഹിത അമ്മമാരുടെ സംഖ്യ ഞെട്ടിക്കുന്നതാണ്‌. ഇത്തരത്തിലുള്ള ഒരു സംഭവത്തിലും ആദിവാസി പുരുഷന്മാര്‍ പ്രതികളല്ല. വിവിധ മത-രാഷ്ട്രീയവിഭാഗങ്ങളില്‍ പെട്ടവരാണ്‌ പ്രതികളെല്ലാം.
അതിനാല്‍ പണവും അധികാരവും ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പരാതി കൊടുത്ത കേസുകളില്‍ നിന്നുപോലും പ്രതികള്‍ രക്ഷപ്പെട്ട കഥകളാണ്‌ ഈ പഞ്ചായത്തിലെ സാമൂഹികപ്രവര്‍ത്തകര്‍ക്കു പറയാനുള്ളത്‌. കേസ്‌ നടന്നുകൊണ്ടിരിക്കെ, പ്രലോഭിപ്പിച്ച്‌ വീണ്ടും ഗര്‍ഭിണിയാക്കി, വാദി ദുര്‍നടപ്പുകാരിയാണെന്നു കോടതിയെ ബോധ്യപ്പെടുത്തി രക്ഷപ്പെട്ട ഒരു പ്രതിയെക്കുറിച്ച്‌ പനവല്ലിയിലെ ആദിവാസി പ്രവര്‍ത്തകര്‍ പറയുകയുണ്ടായി. പ്രേമം നടിച്ചും വിവാഹവാഗ്‌ദാനം നല്‍കിയുമാണ്‌ പ്രതി കൃത്യം നിര്‍വഹിച്ചത്‌.
ഒരേ ആദിവാസി കോളനിയിലെ ഒന്നിലേറെ സംഭവങ്ങളില്‍ ഒരാള്‍ തന്നെ പ്രതിസ്ഥാനത്തുള്ള ഒട്ടേറെ കേസുകള്‍ ഈ പഞ്ചായത്തിലുണ്ട്‌. പല കോളനികളിലും ഒന്നിലേറെ അവിവാഹിതരായ അമ്മമാരെ കാണാം. ഉദാഹരണമായി, ഈ പഞ്ചായത്തിലെ അറവനാഴി കോളനിയില്‍ മുപ്പതും തൃശ്ശിലേരി മുള്ളന്‍കൊല്ലി കോളനിയില്‍ ഒമ്പതും പനവല്ലി സര്‍വാണിയില്‍ എട്ടും ഗുണ്ടികപറമ്പില്‍ പതിനൊന്നും പനങ്കുറ്റി കരിമം കോളനിയില്‍ ഏഴുമാണ്‌ ഇവരുടെ സംഖ്യ.
റിപോര്‍ട്ട്‌ ചെയ്യപ്പെട്ട കേസുകളില്‍, കുറ്റാരോപിതരില്‍ പോലിസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാലവും റോഡും പണിയാനെത്തിയവരും കോളനികളിലെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടവരും തൊഴില്‍ തേടിവന്ന അന്യസംസ്ഥാനക്കാരുമുണ്ട്‌. റിപോര്‍ട്ട്‌ ചെയ്യപ്പെട്ട നാലു കേസുകളില്‍ പോലിസുകാര്‍ പ്രതികളാണ്‌. ഇതില്‍ രണ്ടു പോലിസുകാര്‍ അവരെ വിവാഹം ചെയ്‌ത്‌ ഭാര്യാഭര്‍ത്താക്കന്മാരായി സസുഖം കുടുംബജീവിതം നയിക്കുന്നു. ശക്തമായ പ്രതിഷേധവും സമ്മര്‍ദവുമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള അനേകം വിവാഹങ്ങള്‍ സാധ്യമാണെന്ന്‌ സ്ഥലത്തെ സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. രഹസ്യമായി `തങ്ങളുടെ കുഞ്ഞിനു' വല്ലപ്പോഴും ചെലവിനു കൊടുക്കുന്ന `അച്ഛന്മാരു'മുണ്ടത്രേ. നാട്ടില്‍ ഭാര്യയും മക്കളുമുള്ളവരാണത്രേ ഈ `മാന്യന്മാര്‍.'
1997ല്‍ നിയമസഭാ കമ്മിറ്റി തെളിവെടുപ്പു നടത്തി, ഡി.എന്‍.എ ടെസ്റ്റിലൂടെ നാലു പ്രതികളെ തിരിച്ചറിഞ്ഞതോടെ തദ്ദേശവാസികള്‍ പ്രതികളായ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന്‌ അംഗന്‍വാടി ടീച്ചര്‍ ലക്ഷ്‌മിക്കുട്ടി പറയുന്നു. ഡി.എന്‍.എ പരിശോധന മൂലം `നാണക്കേടി'ല്‍ കുടുങ്ങുമെന്ന ഭയമാണത്രേ പിന്തിരിയാന്‍ കാരണം. എന്നാല്‍, 97നു ശേഷം അവിവാഹിതരായ അമ്മമാരുടെ എണ്ണം പഞ്ചായത്തില്‍ ഇരട്ടിയില്‍ അധികമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡി.എന്‍.എ പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിക്കുന്നതും അതിനു സാധ്യമല്ലാത്ത കേസുകളില്‍ ജനിച്ചയുടനെ കുഞ്ഞിനെ കൊല്ലുന്നതും രഹസ്യമായ പരസ്യമാണ്‌.
പ്രാകൃത ഗര്‍ഭഛിദ്രമുറകള്‍ ഉപയോഗിച്ച്‌ ഗുരുതരമായ അവസ്ഥയില്‍ സര്‍ക്കാരാശുപത്രികളില്‍ എത്തിപ്പെടുന്നതും എത്തിപ്പെടാതെ മരണമടഞ്ഞതുമായ സംഭവങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്‌. കടലാവണക്കും കുപ്പിച്ചില്ലും അപ്പക്കാരവും കൂട്ടി പൊടിച്ച്‌ കൊടുക്കുന്ന രീതി മുതല്‍ ഒട്ടേറെ പ്രാകൃതരീതികള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടത്രേ.
കുടകിലെ ഇഞ്ചിപ്പണിയും പെരുകുന്ന റിസോര്‍ട്ടുകളും
കര്‍ണാടകത്തിലെ കുടകു ജില്ലയോടു ചേര്‍ന്നുള്ള പ്രദേശമാണ്‌ തിരുനെല്ലി പഞ്ചായത്ത്‌. അതുകൊണ്ടുതന്നെ കുടകിലെ ഇഞ്ചിപ്പണിക്ക്‌ ഏറ്റവും കൂടുതല്‍ ആദിവാസി തൊഴിലാളികള്‍ പോവുന്നത്‌ ഇവിടെ നിന്നാണ്‌. വിലകുറഞ്ഞ മദ്യം നല്‍കി ആദിവാസി പുരുഷതൊഴിലാളികളെ ക്രൂരമായി പണിയെടുപ്പിക്കുന്നതും സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അവിടെ പതിവാണ്‌. ഇത്തരത്തില്‍ ചൂഷണവിധേയമായ ഒട്ടേറെ ആദിവാസി യുവതികള്‍ അവിഹിതഗര്‍ഭം ധരിച്ചതായി അന്വേഷണത്തില്‍ വ്യക്തമാവുന്നു.
കുടകിലെ പല തൊഴിലിടങ്ങളും അല്‍പം പോലും സുരക്ഷിതമല്ല. സ്‌ത്രീകളെയും പുരുഷന്മാരെയും ഒരേ കെട്ടിടത്തില്‍ പരസ്‌പരം ബന്ധപ്പെടാവുന്ന തരത്തില്‍ താമസിപ്പിക്കുന്നതുപോലും അപൂര്‍വമല്ല. കുടകിലേക്കു പണിക്കു കൊണ്ടുപോകുന്ന മുതലാളിമാരും സഹജീവനക്കാരുമാണ്‌ പല കേസുകളിലെയും പ്രതികള്‍.വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കുടകിലേക്കു ജോലിക്കു കൊണ്ടുപോയ ഒട്ടേറെ ആദിവാസി യുവതികള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ അവിഹിതഗര്‍ഭം മറച്ചുവയ്‌ക്കാനുള്ള മുതലാളിമാരുടെ കുടിലതന്ത്രമാണ്‌ പ്രവര്‍ത്തിച്ചതെന്നു തിരിച്ചുവന്നവര്‍ പറയുന്നു. നാട്ടില്‍ ഭാര്യയും മക്കളുമുള്ള ഈ മാന്യന്മാര്‍ കേസില്‍ കുടുങ്ങിയാലുള്ള മാനക്കേടില്‍ നിന്നു രക്ഷപ്പെടാനാണ്‌ ഈ കൊടുംക്രൂരത ചെയ്യുന്നത്‌.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, തിരുനെല്ലി പഞ്ചായത്തില്‍ സ്ഥാപിക്കപ്പെട്ട റിസോര്‍ട്ടുകളില്‍ ചിലതാണത്രേ ലൈംഗിക ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ചീഫ്‌ റിപോര്‍ട്ടര്‍ക്ക്‌ അവിടെ സ്വന്തമായി റിസോര്‍ട്ടുണ്ട്‌. ഈ റിസോര്‍ട്ടില്‍ ജോലിക്കു പോയ ആദിവാസി യുവതി `ആത്മഹത്യ' ചെയ്‌തത്‌ ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. പല റിസോര്‍ട്ടുകളും സെക്‌സ്‌ ടൂറിസത്തിനുള്ള മനോഹരമായ മറയാണോ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. തിരുനെല്ലിയില്‍ മാത്രം ആദിവാസി യുവതികളെ വേശ്യാവൃത്തിക്ക്‌ എത്തിച്ചുകൊടുക്കുന്ന ഏഴോളം ഏജന്റുമാര്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.തിരുനെല്ലിയിലെ ആദിവാസി കോളനികളില്‍ വ്യഭിചാരം നടക്കുന്നുവെന്നു വിശ്വസിച്ച്‌ ടൂറിസത്തിന്റെ മറവില്‍ അന്യജില്ലകളില്‍ നിന്നു വാഹനങ്ങളില്‍ ആളുകള്‍ ആദിവാസി കോളനികളില്‍ ചുറ്റിത്തിരിയുന്നതായി മനസ്സിലാക്കിയ സാമൂഹികപ്രവര്‍ത്തകയായ ലക്ഷ്‌മിക്കുട്ടി ടീച്ചര്‍, വണ്ടിനമ്പര്‍ സഹിതം അധികൃതര്‍ക്കു പരാതി നല്‍കിയ കാര്യം പറയുകയുണ്ടായി.
എന്തുണ്ട്‌ പരിഹാരം?
ദാരിദ്ര്യം, തൊഴിലില്ലായ്‌മ, നിരക്ഷരത തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ ചൂഷണം ചെയ്‌തുകൊണ്ടാണ്‌ പലരും ആദിവാസി സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത്‌. ചില സംഭവങ്ങളിലെങ്കിലും പ്രേമനാട്യം, വിവാഹവാഗ്‌ദാനം തുടങ്ങിയ വഞ്ചനകളിലൂടെയും കെണിയൊരുക്കിയതായി കാണാം. കൃഷിയിടങ്ങളില്‍ വച്ചും വീട്ടുജോലിക്കു നില്‍ക്കുന്നയിടങ്ങളില്‍ നിന്നും മുതലാളിമാരാല്‍ ഗര്‍ഭിണികളായ ഒട്ടേറെ സ്‌ത്രീകള്‍ ഈ പഞ്ചായത്തിലുണ്ട്‌. മാതാപിതാക്കള്‍ക്കു സുന്ദരവാഗ്‌ദാനങ്ങള്‍ നല്‍കിയും മദ്യം വിളമ്പിയും ആദിവാസി യുവതികളെ അന്യസംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും കടത്തുന്ന ഏജന്റുമാര്‍ ഈ പഞ്ചായത്തിലുണ്ടത്രേ. ഇങ്ങനെ പോകുന്ന നല്ലൊരു ശതമാനം സ്‌ത്രീകളും കടുത്ത ലൈംഗിക ചൂഷണത്തിനു വിധേയരാവുന്നുണ്ട്‌.
അവിവാഹിതരായ അമ്മമാരെയും മക്കളെയും പുനരധിവസിപ്പിച്ച്‌ ജോലി നല്‍കാന്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്‌. കുട്ടികളുടെ പഠനം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ട്രൈബല്‍ ഡിപാര്‍ട്ട്‌മെന്റ്‌ വഴി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. വീടും ഭൂമിയുമില്ലാത്ത മുഴുവന്‍ അമ്മമാര്‍ക്കും അവ നല്‍കുക, ഡി.എന്‍.എ പരിശോധന സര്‍ക്കാര്‍ചെലവില്‍ നടത്തി കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുക, കുടകിലേക്കു തൊഴിലാളികളെ കൊണ്ടുപോകുന്നവര്‍ തൊട്ടടുത്ത പോലിസ്‌ സ്‌റ്റേഷനില്‍ തൊഴിലാളികളെക്കുറിച്ചും കൃഷിയിടത്തിലെ താമസ-ഭക്ഷണസൗകര്യത്തെക്കുറിച്ചും റിപോര്‍ട്ട്‌ ചെയ്യുകയും, കുടകിലെ കൂലി ഏകീകരിക്കുകയും അവ കൃത്യമായി നല്‍കുന്നുണ്ടോ എന്ന്‌ അധികൃതര്‍ ഉറപ്പുവരുത്തുകയും, തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. തിരുനെല്ലിയിലെ റിസോര്‍ട്ടുകളെക്കുറിച്ച്‌ അന്വേഷണം നടത്തി സെക്‌സ്‌ ടൂറിസം നടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്‌.
തിരുനെല്ലി പഞ്ചായത്തിലെ വ്യാജമദ്യലോബിയെ അമര്‍ച്ച ചെയ്യുകയാണ്‌ മറ്റൊരു അടിയന്തരാവശ്യം. ഒപ്പം അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും സമയബന്ധിതമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ജില്ലാ കലക്ടര്‍ അധ്യക്ഷനും ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റുമാര്‍, ജില്ലാ എസ്‌.പി, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, ട്രൈബല്‍ ഡിപാര്‍ട്ട്‌മെന്റ്‌ ഓഫിസര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്‌ നിസ്സഹായരായ ഈ പാവങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നീതി നല്‍കാന്‍ കുറേയൊക്കെ സഹായിച്ചേക്കും.

1 comment:

lost world said...

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സുഹൃത്തേ...
ആദിവാസികളോട് പൊതുസമൂഹം ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാനാവുന്നത് നിസ്സാര കാര്യമല്ല.